Connect with us

Status

ലോകം രണ്ട് പേരിലേക്ക് ചുരുങ്ങിയപ്പോൾ

Published

|

Last Updated

കായികരംഗം ചിലപ്പോൾ അങ്ങനെയാണ്. മനുഷ്യത്വത്തിന്റെയും സ്‌നേഹത്തിന്റെയും പങ്കുവെക്കലുകൾ ലോകത്തെ പഠിപ്പിക്കും. ടോക്കിയോ ഒളിമ്പിക്‌സാണ് വേദി. പുരുഷന്മാരുടെ ഹൈജന്പ് മത്സരം അവസാനിക്കുകയാണ്. ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും ഖത്വറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഫൈനലിൽ രണ്ട് പേരും 2.37 മീറ്റർ ചാടി ഒരേ നിലയിൽ. മൂന്നവസരങ്ങൾ കൂടി കിട്ടിയിട്ടും 2.37 മീറ്ററിനു മുകളിലെത്താൻ രണ്ടുപേർക്കും കഴിഞ്ഞില്ല. ഒടുവിൽ മാച്ച് ഒഫീഷ്യലെത്തി വിജയിയെ തീരുമാനിക്കാൻ ഒരു ഡിസൈഡർ ജന്പ് നിർദേശിച്ചു. ഓരോ അവസരംകൂടി ഉണ്ടായിരുന്നെങ്കിലും ബാർഷിം, ഒളിമ്പിക്‌സ് ഒഫീഷ്യലിനോട് ചോദിച്ചു “ഞങ്ങൾ രണ്ടു പേർക്കും സ്വർണമെഡൽ പങ്കുവെക്കപ്പെടാനാകുമോ?” ഒഫീഷ്യലും തൊട്ടടുത്ത് നിൽക്കുകയായിരുന്ന ജിയാന്മാർകോ തമ്പേരിയും ഒരു നിമിഷത്തേക്ക് അമ്പരന്നു. സ്വർണം പങ്കുവെക്കാനാകും എന്നായിരുന്നു ഒഫീഷ്യലിന്റെ മറുപടി. പിന്നെ ലോകം സാക്ഷ്യം വഹിച്ചത് പുതിയൊരു ചരിത്രത്തിനായിരുന്നു.

തമ്പേരി ഓടി വന്നു ബാർഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരഞ്ഞു. തീർത്തും അവിശ്വസനീയമായിരുന്നു അത്. ചുറ്റിലും സന്തോഷക്കണ്ണീർ മാത്രം. ഖത്വറിന്റെയും ഇറ്റലിയുടെയും പതാകകൾ ഒരുമിച്ചുയർന്നു. ആഘോഷത്തിന്റെ ആരവങ്ങൾ ഉയർന്നു. കായിക ലോകം സാക്ഷ്യം വഹിച്ചത് സ്‌നേഹത്തിന്റെ മഹത്തായ അടയാളപ്പെടുത്തലായിരുന്നുവെന്ന് ലോകജനത സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു. മനുഷ്യർ തമ്മിലുള്ള എല്ലാ പരിമിതികളും വേർതിരിവുകളും അപ്രസക്തമാക്കുന്ന മാനവീകത. “ഇതാണ് ശരിയായ സ്പിരിറ്റ്, സ്പോർട്സ്മാൻ സ്പിരിറ്റ്, ഞങ്ങൾ ആ സന്ദേശമാണ് ഇവിടെ നൽകുന്നത്” എന്നാണ് ഖത്വറിന്റെ മുതാസ് ഈസാ ബാർഷിമിന് പറയാനുണ്ടായിരുന്നത്.

ഒളിമ്പിക്‌സിൽ ആദ്യമായി സുവർണനേട്ടം പകുത്തെടുത്ത് ഈ രണ്ട് താരങ്ങൾ സൗഹൃദത്തിന്റെയും ഹൃദയവിശാലതയുടെയും മാന്യതയുടെയും മാനവികതയുടെയും ഉത്തമോദാഹരണം തീർത്തപ്പോൾ അത് മത്സരലോകത്തെ അനാരോഗ്യകരമായ പ്രവണതകളെ കൂടി തിരുത്തുന്ന പാഠമായി മാറി. എന്താണ് മാനവികത എന്ന് ലോകജനതയെ പഠിപ്പിക്കുകയായിരുന്നു ഈ അപൂർവമായ അനുഭവം. അതിർത്തികൾ ഭേദിച്ച് മനുഷ്യൻ എന്ന മനോഹരമായ പദത്തെ അത് ആഘോഷിക്കുകയായിരുന്നു.
ജീവിതത്തിൽ വിജയിക്കാൻ മറ്റൊരാളെ പരാജയപ്പെടുത്തേണ്ടതില്ല എന്ന വലിയ പാഠമാണ് ഖത്വറിന്റെ മുതാസ് ഈസാ ബാർഷിം തെളിയിച്ചത്. മനുഷ്യൻ അത്രമേൽ സുന്ദരമായ ഒരു പദമാണെന്നും നിറവും ജാതിയും രാഷ്ട്രീയവും സംസ്‌കാരവുമൊന്നും പരസ്പരം സ്‌നേഹം പങ്കിടാൻ തടസ്സമല്ലെന്നും അദ്ദേഹം ലോകത്തെ പഠിപ്പിക്കുന്നു. ഒളിന്പിക്‌സിലെ നിയമവശങ്ങൾ വിശദീകരിച്ച് ചിലർ ഇതൊരു മഹാസംഭവമായി ആഘോഷിക്കേണ്ടതില്ലെന്നും അറബ് രാജ്യമായ ഖത്വറിനെ അങ്ങനെയങ്ങ് മഹത്വവത്കരിക്കരുതെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്. മലയാളത്തിലെ തന്നെ ചില പത്രങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത് തന്നെ അറിയാതെയെങ്കിലും ഒരു ഗൾഫ് രാജ്യത്തെ പ്രശംസിക്കരുതെന്ന രീതിയിലായിരുന്നു. എന്നാൽ അത്തരം വംശീയമായ പരാമർശങ്ങളൊന്നും ലോകജനത ശ്രദ്ധിക്കുന്നേയില്ല. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോഴും ഈ മാനുഷികതയുടെ ആഘോഷം നിറഞ്ഞുനിൽക്കുകയാണ്.

Latest