Covid19
കൊവിഡ് വ്യാപനം രൂക്ഷം: യു എസ് നഗരമായ ഓസ്റ്റിനില്‍ അവശേഷിക്കുന്നത് ആകെ ആറ് ഐ സി യു യൂണിറ്റുകള്‍
വാഷിങ്ടണ്‍ | കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ തികയാതെ പ്രയാസപ്പെട്ട് യു എസിലെ ഓസ്റ്റിന്‍ നഗരം. 2,40,00,000 ജനസംഖ്യയാണ് ഓസ്റ്റിനിലുള്ളത്. ഇവിടെ അവശേഷിക്കുന്നത് വെറും ആറ് ഐ സി യു യൂണിറ്റുകളും 313 വെന്റിലേറ്ററുകളുമാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ടെക്‌സസിന്റെ തലസ്ഥാന നഗരിയായ ഓസ്റ്റിനില്‍ കൊവിഡ് സ്ഥിതി ഗുരുതരമാണെന്നാണ് പബ്ലിക് ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ ഡെസ്മാര്‍ വാക്സ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ഓസ്റ്റിനിലെ ആളുകളോട് കഴിവതും വാക്സീന്‍ സ്വീകരിക്കാനും വീടുകളില്‍ തുടരാനുമാണ് സര്‍ക്കാര്‍ അറിയിപ്പു നല്‍കിയിരിക്കുന്നത്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആശുപത്രികളില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്. ജൂലൈ നാലിന് എട്ട് പേരായിരുന്നു വെന്റിലേറ്ററില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വരെയുളള കണക്കനുസരിച്ച് 102 രോഗികളാണ് വെന്റിലേറ്ററില്‍ കഴിയുന്നത്. ഓസ്റ്റിന്‍ മേഖലയില്‍ കേസുകള്‍ 10 മടങ്ങാണ് നിലവില്‍ വര്‍ധിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ തുടര്‍ന്നും വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.