Editors Pick
ആരെയും പിന്നിലാക്കരുത്; ആദിവാസികളും പുതിയ സാമൂഹിക ബന്ധത്തിനുള്ള ആഹ്വാനവും
എല്ലാ വര്‍ഷവും ഓഗസ്റ്റ് 9 ലോക ആദിവാസി ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള ആദിവാസികളുടെ അതിജീവനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനാണ് ഈ ദിവസം ഓര്‍മപ്പെടുത്തുന്നത്. 1982 ഓഗസ്റ്റ് 9 നാണ് ഐക്യരാഷ്ട്രസഭ ആദ്യമായി ഗോത്രപ്രശ്‌നം ചര്‍ച്ച ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് 1994 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 9 ലോക ആദിവാസി ദിനമായി ആചരിക്കാന്‍ ആരംഭിച്ചു.
“”ആരെയും പിന്നിലാക്കരുത്; ആദിവാസികളും പുതിയ സാമൂഹിക ബന്ധത്തിനുള്ള ആഹ്വാനവും”” എന്നതാണ് 2021ലെ ആദിവാസി ദിനത്തിന്റെ സന്ദേശം. ആദിവാസികളുടെ ഗോത്രഭാഷ, സംസ്‌കാരം തുടങ്ങിയവ അതേപോലെ നിലനിര്‍ത്തുക, അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിച്ചുകൊടുക്കുക എന്നതാണ് ആദിവാസി ദിനം ആചരിക്കുന്നതിലൂടെ ഐക്യരാഷ്ട്ര സഭ ലക്ഷ്യം വെക്കുന്നത്.
ഇന്ത്യയില്‍ ഝാർഖണ്ഡ്, ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ജീവിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ ജര്‍മനി, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നീ വികസിത രാജ്യങ്ങളിലും ആദിവാസി സമൂഹമുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തല്‍. 2022 മുതല്‍ 2032 വരെ “ആദിവാസി ജനത ദശാബ്ദമായി” ആചരിക്കുമെന്ന് 2021 മാര്‍ച്ച് 22 ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവില്‍ ആദിവാസി ഭാഷകളുടെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുകയെന്നതാണ് ലക്ഷ്യം.
ലോകത്തില്‍ 7,000 ഭാഷകള്‍ ഉള്ളതില്‍ 40 ശതമാനവും ഇല്ലാതായി കഴിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍തന്നെ ഏറ്റവും അധികം ഭീഷണി നേരിടുന്നത് ആദിവാസി ഭാഷകളാണ്.