Covid19
അര്‍ഹതാ മാനദണ്ഡമുള്ള ആരും വീട്ടിലില്ലെങ്കില്‍ വാക്സിൻ കിട്ടാത്തവർക്കും കടയിൽ പോകാം
തിരുവനന്തപുരം | കടകളിലും മറ്റും പോകാന്‍ അര്‍ഹതാ മാനദണ്ഡം പാലിക്കുന്ന ആരും തന്നെ വീട്ടിലില്ലെങ്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിൻ കിട്ടാത്തവർക്ക് കടകളില്‍ പോകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ഇതുവരെ വാക്‌സിന്‍ ലഭ്യമാകാത്തവര്‍ക്കും ചില അസുഖങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു കടകളില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണം. അവര്‍ക്ക് കടകളില്‍ പ്രത്യേക പരിഗണന നല്‍കണം.
പീഡിയാട്രിക് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. വിദേശത്തു പോകാനായി വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തുന്നതിനു ഏകീകൃത നിരക്ക് നിശ്ചയിക്കും. സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കാനായി 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായി.
ഏതൊക്കെ ആശുപത്രികള്‍ക്ക് എത്ര വാക്‌സിന്‍ എന്നത് നേരത്തെ ധാരണയുണ്ടാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാക്‌സിന്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ മുന്‍കൂട്ടി ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.