Connect with us

Articles

യോഗിയുടെ വീഴ്ചക്ക് യു പിയില്‍ നിലമൊരുങ്ങുമോ?

Published

|

Last Updated

403 നിയമസഭാ സീറ്റുകളുള്ള ഉത്തര്‍ പ്രദേശ് അടുത്ത വര്‍ഷം പോളിംഗ് ബൂത്തിലേക്ക് പോകുകയാണ്. യു പി പിടിച്ചാല്‍ രണ്ട് വര്‍ഷം കഴിഞ്ഞുള്ള പൊതു തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഭരണക്കസേരയില്‍ ഇരിക്കാമെന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അടുക്കള സംസാരം. ഭരണത്തുടര്‍ച്ച എന്നതില്‍ കുറഞ്ഞതൊന്നും ബി ജെ പി ലക്ഷ്യംവെക്കുന്നില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേക്കാള്‍ ഭരണത്തുടര്‍ച്ച മാത്രമല്ല, യു പിയില്‍ വമ്പന്‍ വിജയവും വേണ്ടത് നരേന്ദ്ര മോദിക്കും അമിത് ഷാക്കുമാണ്. മറിച്ചായാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും. അതിനാല്‍ കാടിളക്കിയുള്ള പ്രചാരണങ്ങള്‍ ഇപ്പോള്‍ തന്നെ ബി ജെ പി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യു പിയിലെത്തി വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തതും തുടക്കമിട്ടതുമെല്ലാം നിയമസഭാ തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായിട്ടായിരുന്നു. അതേസമയം, അത്ര എളുപ്പമായിരിക്കില്ല വിജയ യാത്രയെന്ന് ബി ജെ പി കേന്ദ്ര നേതൃത്വത്തിന് നല്ല ബോധ്യമുണ്ട്. ആ ഭയം തന്നെയാണ് വളരെ നേരത്തേ തന്നെ തിരഞ്ഞെടുപ്പിന് വേണ്ടി ഒരുങ്ങാന്‍ അവരെ പ്രേരിപ്പിച്ചതും. മാത്രമല്ല, യോഗി ആദിത്യനാഥ് ആയിരിക്കുമോ ബി ജെ പിയുടെ മുഖമെന്നതില്‍ സംശയം തുടരുന്നുമുണ്ട്. സംസ്ഥാനത്ത് പാര്‍ട്ടിയും മുഖ്യമന്ത്രിയും ഇരു ധ്രുവങ്ങളിലായതും കൊവിഡ്, ക്രമസമാധാനം, ദളിത് ന്യൂനപക്ഷ അരക്ഷിതാവസ്ഥയും അവരെ ലക്ഷ്യമിട്ടുള്ള ആക്രമണവും, വികസന പിന്നാക്കാവസ്ഥ തുടങ്ങി വിവിധങ്ങളായ പ്രതികൂല ഘടകങ്ങളാണ് യോഗിക്കെതിരെയുള്ളത്. പാര്‍ട്ടിയെയോ മന്ത്രിസഭയെയോ തെല്ലും വകവെക്കാതെയുള്ള യോഗിയുടെ ഏകാധിപത്യമാണ് യു പിയിലുള്ളതെന്നും പരക്കെ വിമര്‍ശനമുയരുന്നുണ്ട് (കേന്ദ്ര ഭരണ രീതിയുടെ ഒരംശം എന്ന് പറയാം).

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിച്ചു എന്ന ഒറ്റ “നേട്ട”ത്തില്‍ ഊന്നിയാകും ബി ജെ പിയുടെ പ്രചാരണങ്ങള്‍ മുന്നോട്ടുപോകുക. ജീവിതം എത്ര ദുസ്സഹമായാലും ഒരു വിഭാഗത്തിന് ഇതുപോലെയുള്ള പ്രചാരവേലകള്‍ മതിയല്ലോ. തങ്ങള്‍ ലക്ഷ്യംവെക്കുന്ന ജനതയുടെ ഈ ദൗര്‍ബല്യം നന്നായി അറിയാവുന്ന യോഗിയും മോദിയും ഷായുമെല്ലാം അത് നന്നായി കൊഴുപ്പിക്കുകയും ചെയ്യും. കഴിഞ്ഞ യു പി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ സമയത്ത് എടുത്തുദ്ധരിക്കാന്‍ പറ്റാത്ത വിധം വെറുപ്പുളവാക്കുന്ന എത്രയധികം വിദ്വേഷ പ്രസംഗങ്ങളാണ് യോഗി നടത്തിയത്! മുസ്‌ലിം ഖബര്‍സ്ഥാനില്‍ നിന്ന് സ്ത്രീകളുടെ മൃതദേഹമെടുത്ത് ഭോഗിക്കണമെന്ന് വരെ പറഞ്ഞയാളാണ് കാഷായവേഷം ധരിച്ച് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തെ നയിക്കുന്നത്! മോദിയും ഒട്ടും വ്യത്യസ്തനായിരുന്നില്ല. വിദ്വേഷം ജനിപ്പിക്കുന്ന ദ്വയാര്‍ഥം വരുന്ന പല പ്രയോഗങ്ങളും അദ്ദേഹവും അന്ന് നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴറിയാം ഇപ്പോള്‍ സ്നേഹം തുളുമ്പുന്ന നാവുകളുടെ യഥാര്‍ഥ സ്വഭാവം.

യോഗി കൊണ്ടുവന്ന മാറ്റങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാന്‍, കൊവിഡ് രണ്ടാം തരംഗ കാലയളവില്‍ ഗംഗാ നദിയുടെ കരകളില്‍ അടിഞ്ഞുകൂടിയ പാതിവെന്തതും അല്ലാത്തതുമായ മൃതദേഹങ്ങള്‍ മാത്രം മതി.

സംസ്ഥാനത്തിന്റെ ഉള്‍നാടുകളിലും അല്ലാതെയും കൊവിഡ് ബാധിച്ച് മരിച്ചവരെ നേരാംവിധം സംസ്‌കരിക്കാന്‍ പോലുമാകാതെ ഗ്രാമീണര്‍ നദിയില്‍ ഒഴുക്കി വിട്ടുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ മൃതദേഹങ്ങള്‍ അയല്‍ സംസ്ഥാനമായ ബിഹാറിലുമെത്തി. മാത്രമല്ല, നദിക്കരയില്‍ നിരനിരയായുള്ള പട്ടടയുടെ ചിത്രങ്ങള്‍ വിദേശ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായപ്പോള്‍ ചിതക്ക് മുകളിലെ തുണികള്‍ നീക്കം ചെയ്യാന്‍ നഗരസഭാ ജീവനക്കാരെ വിടുകയായിരുന്നു യു പി ഭരണകൂടം. യോഗി ഭരണകൂടം അധികാരത്തിലേറി അഞ്ചാം വര്‍ഷത്തിലെ സ്ഥിതിയാണിത്. അതിന് മുമ്പ് യോഗിയുടെ സ്വന്തം സ്ഥലമായ ഗോരഖ്പൂരിലെ ഡോ. അംബേദ്കര്‍ മെഡി. കോളജില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭിക്കാതെ ഞെട്ടറ്റുവീണത് ഞെട്ടിത്തരിച്ചാണ് രാജ്യം കണ്ടത്. അന്ന് സ്വന്തം കീശയില്‍ നിന്ന് പണമെടുത്ത് വരെ ഓക്സിജന്‍ സിലിന്‍ഡര്‍ എത്തിക്കാന്‍ ഓടിനടന്ന ഡോ. കഫീല്‍ ഖാനെ ബലിയാടാക്കി മുഖം സംരക്ഷിക്കുകയായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാര്‍. എല്ലാ ഉത്തരവാദിത്വവും കെട്ടിവെക്കാന്‍ കഫീല്‍ ഖാന്‍ എന്ന പേരിനോളം യോജിച്ചതൊന്നുമില്ലല്ലോ യോഗിക്കും ആ പ്രത്യയശാസ്ത്രം പേറുന്നവര്‍ക്കും. ഇതേ യോഗി തന്നെയാണ് ആരോഗ്യ കാര്യത്തില്‍ രാജ്യത്തിന് മാതൃകയായ കേരളത്തില്‍ വന്ന്, യു പിയെ മാതൃകയാക്കണമെന്ന് വീമ്പ് പറഞ്ഞതും ആ പ്രസ്താവന വന്ന് രായ്ക്കുരാമാനം യു പിയിലേക്ക് പോകേണ്ടി വന്നതും.

യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെയുള്ള ജനവിരുദ്ധത മാത്രമല്ല, പ്രതിപക്ഷ നീക്കവും ബി ജെ പിക്ക് ഭീഷണിയാണ്. പ്രധാനമായും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും കൈകോര്‍ക്കാന്‍ തയ്യാറാണ്. പ്രിയങ്കാ ഗാന്ധി വധേരയുടെ നേതൃത്വത്തില്‍ യു പിയിലെ കോണ്‍ഗ്രസ്സ് തിരിച്ചുവരവിന്റെ പാതയിലാണ്. യു പിയില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്ന പ്രിയങ്ക, വലിയ വെല്ലുവിളി തന്നെയാണ് ബി ജെ പിക്ക് സൃഷ്ടിക്കുക. ബി എസ് പി ഈ സഖ്യത്തോട് പ്രത്യക്ഷത്തില്‍ അകലം പാലിക്കുന്ന നിലപാട് സ്വീകരിക്കുകയും ദളിത് സമൂഹത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ദളിത് സമൂഹത്തിനിടയില്‍ പുതുനേതാവായി ഉയിർക്കൊണ്ട ചന്ദ്രശേഖര്‍ ആസാദിനെ തങ്ങളോടടുപ്പിക്കാന്‍ മായാവതി ശ്രമിക്കുന്നുണ്ട്. അതേസമയം തന്നെ ബ്രാഹ്മണ സമൂഹത്തിന്റെ പിന്തുണക്കും മായാവതിയുടെ ബി എസ് പി കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ടെങ്കിലും അതെത്ര കണ്ട് ഫലവത്താകുമെന്ന് കണ്ടറിയണം. വിലപേശലുകള്‍ മാറ്റിവെച്ച് പ്രായോഗികത മാത്രം ലക്ഷ്യംവെച്ച് മായാവതിയും എസ് പി- കോണ്‍ഗ്രസ്സ് സഖ്യത്തിന് കൈ കൊടുക്കണമെന്നാണ് മതേതര ചേരി ആഗ്രഹിക്കുന്നത്. യോഗി എം പി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് ഗോരഖ്പൂരിലുണ്ടായ ഉപ തിരഞ്ഞെടുപ്പില്‍ ഈ മൂന്ന് പാര്‍ട്ടികളും ഒരുമിച്ചപ്പോള്‍ ബി ജെ പി മഹാ പരാജയം രുചിച്ചത് ഓര്‍ക്കേണ്ടതാണ്.

ഈ മുഖ്യധാരാ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അസദുദ്ദീന്‍ ഉവൈസി എം പിയുടെ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യ മജ്്ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും മത്സരിക്കുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിക്കുമെന്നാണ് എ എ പി പ്രഖ്യാപിച്ചത്. ഡല്‍ഹിക്ക് പുറത്ത് പാര്‍ട്ടിയുടെ സാന്നിധ്യം അടയാളപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് എ എ പി. ഗുജറാത്തിലും യു പിയിലും മത്സരിക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. അതേസമയം, പ്രത്യയശാസ്ത്രപരമായി എങ്ങോട്ടും മാറാന്‍ മെയ് വഴക്കമുള്ള പാര്‍ട്ടിയായി എ എ പി സ്വയം അടയാളപ്പെടുത്തിയതിനാല്‍ രാഷ്ട്രീയ പരീക്ഷണം എത്രത്തോളം വിജയകരമാകുമെന്ന് അറിയാന്‍ ഫലം കാക്കേണ്ടി വരും. ബി ജെ പിയുടെ ബി ടീം എന്ന മുദ്ര എ എ പിയുടെ മേല്‍ വീണത് അവരുടെ സമീപനങ്ങള്‍ കാരണം തന്നെയാണ്. ഇക്കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ പൊതു നീക്കത്തിനായി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷണമുണ്ടായിട്ടും പങ്കെടുക്കാതിരുന്ന പ്രധാന പാര്‍ട്ടികള്‍ എ എ പിയും ബി എസ് പിയുമായിരുന്നു. അതേസമയം, ഉവൈസിയുടെ മജ്്ലിസ്, മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ഊന്നിയാകും തിരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിക്കുക.

ഉത്തര്‍ പ്രദേശിന്റെ രാഷ്ട്രീയ പരിതസ്ഥിതി ഇതാണെങ്കിലും കുതന്ത്രങ്ങളും വിലപേശലും ഭീഷണിയും കുതികാല്‍വെട്ടലുമൊക്കെയായി മോദി- ഷാ- യോഗി ത്രയം കളം നിറയാന്‍ സാധ്യതയുണ്ട്. ദളിതുകളുടെയും ജാട്ടുകളുടെയും പിന്തുണ ഉറപ്പിക്കാന്‍ സംവരണ വിഷയത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മെഡിക്കല്‍ കോഴ്സുകളില്‍ ആള്‍ ഇന്ത്യാ ക്വാട്ടയില്‍ 27 ശതമാനം ഒ ബി സി സംവരണം പ്രഖ്യാപിച്ചത് മുതല്‍ കഴിഞ്ഞ ദിവസം ഒ ബി സി ബില്‍ പാര്‍ലിമെന്റ് പാസ്സാക്കിയത് വരെ ഇതിന്റെ ഭാഗമായി വേണം കാണാന്‍. തിരഞ്ഞെടുപ്പ് അടുക്കുംതോറും മറ്റ് ചില കൈവിട്ട കളികള്‍ക്കും ദൃക്സാക്ഷിയാകേണ്ടി വരും. കഴിഞ്ഞ മാസം നടന്ന യു പി തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ബി ജെ പി പലയിടങ്ങളിലും എതിരില്ലാതെയും അല്ലാതെയും വിജയിച്ചത് എങ്ങനെയെന്ന് നാം കണ്ടതാണ്. എതിര്‍ സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും തങ്ങള്‍ക്ക് വോട്ട് ചെയ്യില്ലെന്ന് ഉറപ്പുള്ളവര്‍ ബൂത്തിലേക്ക് വരുന്നില്ലെന്ന് ഉറപ്പാക്കിയും കൈയൂക്കിന്റെ പിന്‍ബലത്തിലായിരുന്നു ഈ “വിജയം”. അത്തരമൊരു വിജയത്തിന് യോഗിയെ മോദിയും ഷായും പുകഴ്ത്തുകയും ചെയ്തു. ഈ രീതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും കൈയൂക്കിന്റെ രാഷ്ട്രീയം പുറത്തെടുക്കാന്‍ അവര്‍ മടിക്കില്ല. അതിന് പുറമെ, പ്രതിപക്ഷ സഖ്യം സാധ്യമായില്ലെങ്കില്‍ വോട്ടുകള്‍ ഭിന്നിക്കുകയും ബി ജെ പിയുടെ വിജയം എളുപ്പമാകുകയും ചെയ്യും. ഏതായാലും രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ യു പിയിലെ ഭാഗധേയമായിരിക്കും 2024ലെ ഇന്ത്യയെ നിര്‍വചിക്കുക. ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം.