First Gear
മാരുതിയുടെ ആദ്യ സിഎന്‍ജി എസ് യുവിയാകാന്‍ 2022 ബ്രെസയെത്തുന്നു
ഈ വര്‍ഷം ഏപ്രിലോടെ പുതിയ ബ്രെസയുടെ സിഎന്‍ജി-പവര്‍ പതിപ്പ് അവതരിപ്പിക്കും
ന്യൂഡല്‍ഹി| സിഎന്‍ജി കരുത്തില്‍ ഓടുന്ന ഒന്നിലധികം വാഹനങ്ങളുള്ള ചുരുക്കം ചില കാര്‍ നിര്‍മ്മാതാക്കളില്‍പ്പെട്ട രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി. ഈ വര്‍ഷം കൂടുതല്‍ സിഎന്‍ജി മോഡലുകള്‍ പുറത്തിറക്കി ഈ ശ്രേണി കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് കമ്പനിയുടെ ലക്ഷ്യം. ഈ വര്‍ഷം ഏപ്രിലോടെ പുതിയ ബ്രെസയുടെ സിഎന്‍ജി-പവര്‍ പതിപ്പ് അവതരിപ്പിക്കാന്‍ മാരുതി സുസുക്കി തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിറ്റാര ബ്രെസ 2022-ല്‍ ഒരു പ്രധാന അപ്ഡേറ്റുമായാണ് വരിക. കൂടാതെ ഈ പരിഷ്‌കരിച്ച മോഡലിലും സിഎന്‍ജി പവര്‍ പതിപ്പ് അവതരിപ്പിക്കും. ഈ അപ്ഡേറ്റിന്റെ ഭാഗമായി, മാരുതി സുസുക്കി ‘വിറ്റാര’ എന്ന പേര് ഒഴിവാക്കും. പുതിയ കോംപാക്റ്റ് എസ് യുവിയെ ‘മാരുതി സുസുക്കി ബ്രെസ്സ’ എന്ന് വിളിക്കും. 105 എച്ച്പി പവറും 138 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ കെ15 ബി പെട്രോള്‍ എഞ്ചിനാണ് പുതുക്കിയ ബ്രെസയില്‍ തുടരുന്നത്. മറ്റ് മാരുതി സുസുക്കി സിഎന്‍ജി മോഡലുകളില്‍ ശ്രദ്ധയില്‍പ്പെട്ടതുപോലെ, സിഎന്‍ജി-സ്‌പെക്ക് വിറ്റാര ബ്രെസയും അതേ എഞ്ചിനില്‍ തന്നെ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രെസ ഫെയ്സ് ലിഫ്റ്റ് ചെയ്ത മോഡലിനൊപ്പം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ബ്രെസയിലെ കോസ്മെറ്റിക്, ഫീച്ചര്‍ അപ്ഗ്രേഡുകള്‍ അങ്ങനെ സിഎന്‍ജി പവര്‍ വേരിയന്റുകളിലേക്കും കൊണ്ടുപോകും.
ബ്രെസ സിഎന്‍ജിയും പിന്നീട് സെലേറിയോ, സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയുടെ സിഎന്‍ജി-പവര്‍ പതിപ്പുകളും പുറത്തിറക്കുന്നതോടെ, മാരുതി സുസുക്കിക്ക് അതിന്റെ എല്ലാ അറീന കാറുകളുടെയും സിഎന്‍ജി പതിപ്പ് ലഭിക്കും. ലോഞ്ച് ചെയ്യുമ്പോള്‍, ബ്രെസ്സ സിഎന്‍ജിക്ക് വിപണിയില്‍ നേരിട്ടുള്ള എതിരാളികള്‍ ഉണ്ടാകില്ല. എങ്കിലും ടാറ്റ മോട്ടോഴ്സ് ഈ മാസം വരാനിരിക്കുന്ന ടിയാഗോ, ടിഗോര്‍ സിഎന്‍ജി എന്നിവയ്ക്ക് ശേഷം നെക്സോണ്‍ സിഎന്‍ജി അവതരിപ്പിക്കുമെന്നാണ് സൂചനകള്‍.