Connect with us

Exit Poll

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് വൈകീട്ട്

ഇന്ത്യയില്‍ പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എക്സിറ്റ്പോള്‍ ഏജന്‍സികള്‍ ആണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിടുന്നത്.

Published

|

Last Updated

കോഴിക്കോട് | 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ വൈകിട്ട് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. അവസാന വോട്ട് രേഖപ്പെടുത്തി 30 മിനിറ്റിന് ശേഷമായിരിക്കും വിവിധ മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുക.

വൈകുന്നേരം 6.30-7 മണി വരെയുള്ള സമയങ്ങളില്‍ ടെലിവിഷന്‍ ചാനലുകള്‍ അവരുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിടും. ഏഴ് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 57 സീറ്റുകളിലായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 904 സ്ഥാനാര്‍ഥികളാണ് അവസാന ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ഇന്ത്യയില്‍ പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന എക്സിറ്റ്പോള്‍ ഏജന്‍സികള്‍ ആണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കഴിഞ്ഞതിനുശേഷം മാത്രമേ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിടുവാന്‍ മാധ്യമങ്ങള്‍ക്ക് അനുവാദമുള്ളൂ. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 126 എ വകുപ്പ് പ്രകാരമാണ് ഇത് നിയന്ത്രിക്കുന്നത്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാന്‍ ആണിത്.എക്സിറ്റ് പോളുകളുടെ കൃത്യത വര്‍ധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തെരഞ്ഞെടുപ്പ് കാലയളവില്‍ എക്സിറ്റ് പോള്‍ ഫലങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും ലേഖനമോ പരിപാടിയോ പ്രസിദ്ധീകരിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക്-അച്ചടി മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനില്‍ക്കാനാണ് തീരുമാനം. റേറ്റിങ് കൂട്ടാനുള്ള ചാനലുകളുടെ യുദ്ധത്തിനപ്പുറം ഊഹാപോഹങ്ങളുണ്ടാക്കുന്നതില്‍ കാര്യമില്ലെന്ന് എഐസിസി വക്താവ് പവന്‍ ഖേര എക്സില്‍ കുറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്ത്യ മുന്നണിയുടെ യോഗം ഇന്ന് ചേരുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം.

 

Latest