Connect with us

Uae

2024 യു എ ഇക്ക് ഏറ്റവും മികച്ച സാമ്പത്തിക വര്‍ഷം: ശൈഖ് മുഹമ്മദ്

വിദേശ വ്യാപാരം ആദ്യമായി 2.8 ട്രില്യണ്‍ ദിര്‍ഹം കവിഞ്ഞു.

Published

|

Last Updated

ദുബൈ | യു എ ഇക്ക് 2024 ഏറ്റവും മികച്ച സാമ്പത്തിക വര്‍ഷമായിരുന്നുവെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ഇന്നലെ പുതുവര്‍ഷത്തിലെ ആദ്യ ക്യാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘യോഗത്തില്‍ 2024ലെ വിളവെടുപ്പ് ഞങ്ങള്‍ അവലോകനം ചെയ്തു. ദൈവത്തിന് നന്ദി, സ്ഥാപിതമായതിനുശേഷമുള്ള ഏറ്റവും മികച്ച വര്‍ഷമാണിത്’. അദ്ദേഹം പറഞ്ഞു.

സമ്പദ് വ്യവസ്ഥ, സുസ്ഥിരത എന്നീ മേഖലകളില്‍ 140 ലധികം അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പുവെച്ചു. ശുദ്ധമായ ഊര്‍ജം, സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സുരക്ഷ, പ്രതിരോധം, അന്താരാഷ്ട്ര മാനുഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലാണിത്. യു എ ഇയുടെ എല്ലാ നിയമനിര്‍മാണങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നതിനായി കഴിഞ്ഞ വര്‍ഷത്തില്‍ രാജ്യത്തെ 2,500 ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ മൂന്ന് വര്‍ഷത്തെ പ്രോജക്റ്റ് പൂര്‍ത്തിയാക്കി.

സാമ്പത്തിക, സാമൂഹിക, നിയന്ത്രണ നിയമനിര്‍മാണത്തിന്റെ 80 ശതമാനം അപ്‌ഡേറ്റ് ചെയ്തു. പുതിയ കമ്പനികളുടെ എണ്ണം കുതിച്ചുയര്‍ന്നു. 200,000 പുതിയ കമ്പനികള്‍ ആരംഭിച്ചു. വിദേശ വ്യാപാരം ആദ്യമായി 2.8 ട്രില്യണ്‍ ദിര്‍ഹം കവിഞ്ഞു. നേരിട്ടുള്ള വിദേശ നിക്ഷേപം ആദ്യമായി 130 ബില്യണ്‍ ദിര്‍ഹത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാവസായിക കയറ്റുമതിയുടെ മൂല്യം 190 ബില്യണ്‍ ദിര്‍ഹമായി. അദ്ദേഹം തുടര്‍ന്നു.

150 ദശലക്ഷം യാത്രക്കാര്‍ ഞങ്ങളുടെ വിമാനത്താവളങ്ങളിലൂടെ കടന്നുപോയി. ടൂറിസ്റ്റ് സൗകര്യങ്ങളില്‍ 30 ദശലക്ഷത്തിലധികം അതിഥികളെത്തി. സ്വകാര്യ മേഖലയിലെ പൗരന്മാരുടെ എണ്ണം 350 ശതമാനം വര്‍ധിച്ചു. 131,000 പൗരന്മാര്‍ സ്വകാര്യ മേഖലയിലുണ്ട്. പ്രതിഭകളെയും നിക്ഷേപങ്ങളും ആകര്‍ഷിക്കുന്നതിനുമായി യു എ ഇ സര്‍ക്കാര്‍ 750-ലധികം ദേശീയ പദ്ധതികളും സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1,300 തീരുമാനങ്ങള്‍ കാബിനറ്റും മന്ത്രിതല വികസന കൗണ്‍സിലും പുറപ്പെടുവിച്ചു. അല്ലാഹു ഇച്ഛിച്ചാല്‍ 2025 കൂടുതല്‍ മനോഹരവും വലുതും മികച്ചതുമായിരിക്കും. അദ്ദേഹം തുടര്‍ന്നു.

 

 

---- facebook comment plugin here -----

Latest