Connect with us

National

ഹിമാചലിലെ മഴക്കെടുതിയില്‍ 21 പേര്‍ മരിച്ചു

ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ മരം കടപുഴകി വാഹനത്തിനു മുകളില്‍ വീണ് സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് പരിക്കേറ്റു.

Published

|

Last Updated

സോളന്‍| ഹിമാചല്‍പ്രദേശില്‍ മഴക്കെടുതിയില്‍ ഇതുവരെ 21 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സോളന്‍ ജില്ലയിലെ ഒരു ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരണപ്പെട്ടു.ഞായറാഴ്ച രാത്രി ജാഡോണ്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.രണ്ട് വീടുകള്‍ ഒലിച്ചുപോയി, ആറ് പേരെ രക്ഷപ്പെടുത്തിയതായി സോളന്‍ ഡിവിഷണല്‍ കമ്മീഷണര്‍ മന്‍മോഹന്‍ ശര്‍മ്മ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് ഷിംലയില്‍ ശിവക്ഷേത്രം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു അറിയിച്ചു. 50ഓളം പേര്‍ ക്ഷേത്രത്തില്‍ പൂജയ്ക്ക് എത്തിയിരുന്നതായി പോലീസ് പറഞ്ഞു. അഗ്‌നിശമന സേനാ സംഘം സ്ഥലത്തുണ്ടായിരുന്നു. പോലീസും സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സിന്റെ (എസ്ഡിആര്‍എഫ്) ടീമും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

ഹിമാചല്‍ പ്രദേശിലും അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലും കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇതേതുടര്‍ന്ന് പ്രധാന റോഡുകള്‍ തടസ്സപ്പെട്ടു, പാലങ്ങള്‍ ഒലിച്ചുപോയി. ഇതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ട സ്ഥിതിയാണ്. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ മരം കടപുഴകി വാഹനത്തിനു മുകളില്‍ വീണ് സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് പരിക്കേറ്റു.

മാണ്ഡിയില്‍ 236, ഷിംലയിലെ 59, ബിലാസ്പൂര്‍ ജില്ലയില്‍ 40 എന്നിങ്ങനെ മൊത്തം 621 റോഡുകള്‍ നിലവില്‍ അടച്ചിട്ടുണ്ടെന്ന് സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. ഷിംലയെയും ചണ്ഡീഗഢിനെയും ബന്ധിപ്പിക്കുന്ന ഷിംല-കല്‍ക്ക ദേശീയ പാതയുടെ ഒരു പ്രധാന ഭാഗം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആവര്‍ത്തിച്ചുള്ള മണ്ണിടിച്ചിലിനെ ബാധിച്ചതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന മഴ ഹമിര്‍പൂര്‍ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും നാശം വിതച്ചു, ഇത് ബിയാസ് നദിയിലും അതിന്റെ കൈവഴികളിലും വെള്ളപ്പൊക്കത്തിന് കാരണമായി.

 

 

Latest