National
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കുന്നതിനിടെ 21 ലക്ഷം രൂപ കത്തിനശിച്ചു
മോഷണ ശ്രമത്തിനിടെ ഗ്യാസ് കട്ടറില്‍നിന്നുള്ള കനത്ത ചൂട് കാരണം എടിഎം മെഷീന്‍ തീപിടിച്ചതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
മുബൈ | മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ക്കുന്നതിനിടെ തീപിടിത്തത്തില്‍ 21 ലക്ഷം രൂപ കത്തിനശിച്ചു. വിഷ്ണുനഗറിലെ ദേശസാല്‍കൃത ബാങ്കിന്റെ എടിഎമ്മാണ് മോഷ്ടാക്കള്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം നടന്നത്.
മോഷണ ശ്രമത്തിനിടെ ഗ്യാസ് കട്ടറില്‍നിന്നുള്ള കനത്ത ചൂട് കാരണം എടിഎം മെഷീന്‍ തീപിടിച്ചതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 21,11,800 രൂപ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്. മെഷീനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണം പോലീസ് ആരംഭിച്ചു.
സമാനമായ രീതിയില്‍ 2023 ഡിസംബറില്‍ ബെംഗളൂരുവിലെ നെലമംഗലയിലും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കുന്നതിനിടെ നിരവധി നോട്ടുകള്‍ കത്തിനശിച്ചിരുന്നു.