hajj2024
അനുമതിയില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 21 പേര്‍ അറസ്റ്റില്‍
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ എട്ട് പേര്‍ വിദേശികളും 13 പേര്‍ സ്വദേശികളുമാണ്
മക്ക | ഹജ്ജ് അനുമതിപത്രമില്ലാതെ (തസ്രീഹ്) മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് 21 പേരെ മക്കയിലേക്കുള്ള പ്രവേശന കവാടത്തില്‍ ഹജ്ജ് സുരക്ഷാസേന അറസ്റ്റ് ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി (എസ് പി എ) റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ എട്ട് പേര്‍ വിദേശികളും 13 പേര്‍ സ്വദേശികളുമാണ്. അല്ലാഹുവിന്റെ അതിഥികളായി ഹജ്ജിനെത്തുന്ന ഹാജിമാര്‍ അവരുടെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യത്ത് നിന്നു മടങ്ങുന്നതുവരെ അവരെ സംരക്ഷിക്കുന്നത് ഹജ്ജ് സുരക്ഷാ സേനയുടെ പ്രധാന ചുമതലയാണെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ്ജ് സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ബസ്സാമി പറഞ്ഞു.
നിയമ ലംഘകരുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുമെന്നും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നും അറിയിപ്പില്‍ പറഞ്ഞു. അനധികൃതമായി മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.