Kerala
എട്ടാംക്ലാസില്‍ ഏതെങ്കിലും വിഷയത്തില്‍ സബ്ജക്ട് മിനിമം നേടാന്‍ കഴിയാത്തവര്‍ 21 ശതമാനം പേര്‍
ഇവര്‍ക്ക് ഏപ്രില്‍ എട്ട് മുതല്‍ 24 വരെ അതതു വിഷയങ്ങളില്‍ അധിക പിന്തുണാ ക്ലാസ് നല്‍കും

തിരുവനന്തപുരം | എട്ടാം ക്ലാസില്‍ 21 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ സബ്ജക്ട് മിനിമം നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇവര്‍ക്ക് അധിക പിന്തുണ ക്ലാസുകള്‍ നല്‍കും.
ഏപ്രില്‍ എട്ട് മുതല്‍ 24 വരെ ഈ കുട്ടികള്‍ക്ക് അതതു വിഷയങ്ങളില്‍ അധിക പിന്തുണാ ക്ലാസ് നല്‍കും. ഏപ്രില്‍ 25 മുതല്‍ 28 വരെ പുനപ്പരീക്ഷയും ഏപ്രില്‍ 30ന് ഫലപ്രഖ്യാപനവും നടത്തും. എഴുത്തു പരീക്ഷയില്‍ ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രക്ഷകര്‍ത്താക്കളെ അറിയിക്കും.
ഇത്തരം ക്ലാസുകള്‍ രാവിലെ 9.30 മുതല്‍ 12.30 വരെ ആയിരിക്കും. നിശ്ചിത മാര്‍ക്ക് നേടാത്ത വിഷയത്തില്‍ മാത്രം വിദ്യാര്‍ഥികള്‍ അധിക പിന്തുണാ ക്ലാസുകളില്‍ പങ്കെടുത്താല്‍ മതിയാകും. ഓരോ ജില്ലയിലും പിന്തുണാ ക്ലാസുകള്‍ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചു. ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടുത്തെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ക്ലാസുകള്‍ നടത്തും.
ആകെ 3,98,181 വിദ്യാര്‍ഥികളാണ് എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഒരു വിഷയത്തില്‍ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86,309 ആണ്. ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളില്‍ നേടാത്തവരുടെ എണ്ണം 5,516 ആണ്. ആകെ പരീക്ഷ എഴുതിയ കുട്ടികളില്‍ 1.30% ആണിവര്‍.