Connect with us

gujrat genocide 2002

ഗുജറാത്ത് വംശഹത്യക്ക് 21 വർഷം; അതിജീവന പോരാട്ടം തുടർന്ന് ഇരകൾ

ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ വംശഹത്യാ കാലത്ത് തലനാരിഴക്ക് രക്ഷപ്പെട്ട മനുഷ്യർ ജീവിക്കുന്ന കോളനികളുണ്ട്.

Published

|

Last Updated

ന്യൂഡൽഹി | ഗുജറാത്ത് വംശഹത്യക്ക് 21 വർഷം പൂർത്തിയാകുമ്പോഴും ഇരകളാക്കപ്പെട്ട മനുഷ്യർ അതിജീവനത്തിനായി പൊരുതുന്നു. അഹമ്മദാബാദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിറ്റിസൺ നഗർ എന്ന് പേരിട്ട കോളനിയിൽ താമസിക്കുന്നത് ഗുജറാത്ത് വംശഹത്യയിൽ നിന്ന് രക്ഷപ്പെട്ട മുസ്ലിം കുടുംബങ്ങളാണ്. വംശഹത്യാ കാലത്ത് നരോദ്യാപാട്യയിൽ നിന്ന് വീട് വിട്ടോടിയവരാണ് നഗരയോരത്തിൽ മാലിന്യങ്ങൾ തള്ളുന്ന ഈ പ്രദേശത്ത് ചില സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ താമസമുറപ്പിച്ചത്.

മാലിന്യക്കൂമ്പാരത്തിനടുത്ത് വസിക്കുന്ന ഈ മനുഷ്യർ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും അതോടൊപ്പം അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷന്റെ കുടിയൊഴിപ്പിക്കൽ ഭീഷണിയും നേരിടുന്നു. ഇതുൾപ്പെടെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ വംശഹത്യാ കാലത്ത് തലനാരിഴക്ക് രക്ഷപ്പെട്ട മനുഷ്യർ ജീവിക്കുന്ന കോളനികളുണ്ട്. എല്ലായിടത്തും സ്ഥിതി സിറ്റിസൺ നഗറിന് സമാനമാണ്. ഗുജറാത്തിലാകെ വിവിധ സന്നദ്ധ സംഘടനകൾ വംശഹത്യാനന്തരം 83 കോളനികൾ സ്ഥാപിച്ചിരുന്നു. ഇവയിൽ കേവലം 20ൽ താഴെ മാത്രം സ്ഥലങ്ങളിലാണ് ഇരകളുടെ പേരുകളിൽ വീടുകളുള്ളത്. പ്രാദേശിക ഭരണകൂടങ്ങളുടെ വേട്ടയാടലുകൾ കൂടിയായതോടെ മിക്ക കോളനികളിലെയും ഇരകൾക്ക് സർക്കാർ ആനുകൂല്യങ്ങളോ ആധാർ ഉൾപ്പെടെയുള്ള രേഖകളോ ലഭ്യമാകുന്നുമില്ല.

വംശഹത്യ അരങ്ങേറിയ സ്ഥലങ്ങളിലെ മുസ്‌ലിം ജീവിതങ്ങൾ ഇപ്പോഴും ദുരിതപൂർണമാണ്. ബി ബി സി ഡോക്യുമെന്ററി പുറത്തുവന്നതോടെ ഗുജറാത്ത് വംശഹത്യ രാജ്യത്ത് വീണ്ടും ചർച്ചയാകുന്ന പശ്ചാത്തലത്തിൽ പോലും ഇരകളുടെ പുനരധിവാസത്തെ സംബന്ധിച്ച ചർച്ചകൾ സജീവമല്ല. ഇരകളുടെ നിയമപോരാട്ടത്തിനായി ഇറങ്ങിത്തിരിച്ച സന്നദ്ധ സംഘടനാ പ്രവർത്തകരിൽ പലരും ഭരണകൂട വേട്ടക്ക് ഇരയായിക്കൊണ്ടിരിക്കുകയുമാണ്.

2002 ഫെബ്രുവരി 27ന് കർസേവകർ സഞ്ചരിച്ച സബർമതി ട്രെയിനിന് ഗോധ്രയിൽ വെച്ച് തീവെക്കപ്പെട്ടതിന് പിന്നാലെയാണ് ഗുജറാത്ത് വംശഹത്യ ആരംഭിക്കുന്നത്. ട്രെയിനിന് തീ പടർന്ന് 58 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാനത്താകെ ബന്ദ് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് മുസ്ലിംകൾക്കെതിരെ വ്യാപകമായ അക്രമങ്ങൾ അരങ്ങേറുന്നത്. പിന്നീടങ്ങോട്ട് ദിവസങ്ങൾ നീണ്ടുനിന്ന മുസ്ലിം വംശഹത്യക്കാണ് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. ആക്രമണത്തിൽ 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. 2,500 ഓളം പേർക്ക് പരുക്കേൽക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ എണ്ണം 2,000ത്തിനടുത്ത് വരുമെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയു
ന്നത്. കൊലപാതകങ്ങൾക്ക് പുറമെ കൊള്ളയും ബലാത്സംഗങ്ങളും മുസ്ലിംകൾക്കെതിരെ അരങ്ങേറി. വംശഹത്യ നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദി.

Latest