Connect with us

Uae

ഗസ്സയിൽ നിന്ന് 210 പേർ കൂടി യു എ ഇയിലെത്തി

2023 ഡിസംബർ രണ്ടിന് പ്രവർത്തനം ആരംഭിച്ച തെക്കൻ ഗസ്സയിലെ യു എ ഇ ഫീൽഡ് ഹോസ്പിറ്റൽ ഇതുവരെ 50,489 കേസുകൾക്ക് ചികിത്സ നൽകി.

Published

|

Last Updated

അബൂദബി | ഗസ്സ മുനമ്പിൽ നിന്ന് ഗുരുതരമായി പരുക്കേറ്റ 86 കുട്ടികളും കാൻസർ രോഗികളും 124 ഒപ്പമുള്ളവരും ഉൾപ്പെടെ 210 പേരെ യു എ ഇയിലെത്തി. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഇസ്റാഈലിലെ റാമോൺ എയർപോർട്ടിൽ നിന്ന് അബൂദബിയിലെത്തിക്കുകയായിരുന്നു. രോഗികൾക്കും പരുക്കേറ്റവർക്കും വൈദ്യചികിത്സ ലഭ്യമാക്കാനുള്ള യു എ ഇയുടെ 22ാം ഒഴിപ്പിക്കലാണ് ഇത്.

സ്ട്രിപ്പിലെ മാനുഷിക ദുരന്തങ്ങൾക്കിടയിൽ സഹോദരങ്ങളായ ഫലസ്തീനികളെ പിന്തുണക്കാനുള്ള ദൃഢവും ശാശ്വതവുമായ പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് വികസനത്തിനും അന്താരാഷ്ട്ര സംഘടനകൾക്കുമുള്ള വിദേശകാര്യ സഹമന്ത്രിയും ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാൻട്രോപിക് കൗൺസിൽ അംഗവുമായ സുൽത്താൻ മുഹമ്മദ് അൽ ശംസി പറഞ്ഞു.

പരുക്കേറ്റ ഫലസ്തീനികൾക്കും ഭേദമാക്കാനാവാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ആരോഗ്യ സംരക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ആരംഭിച്ച സംരംഭത്തിന് അനുസൃതമാണിത്. ഇതുവരെ 2,127 രോഗികളും കൂട്ടാളികളും ഈ സംരംഭത്തിലൂടെ രാജ്യത്തെത്തിയത്.

2023 ഡിസംബർ രണ്ടിന് പ്രവർത്തനം ആരംഭിച്ച തെക്കൻ ഗസ്സയിലെ യു എ ഇ ഫീൽഡ് ഹോസ്പിറ്റൽ ഇതുവരെ 50,489 കേസുകൾക്ക് ചികിത്സ നൽകി. 2024 ഫെബ്രുവരിയിൽ അൽ അരീഷ് തുറമുഖത്ത് ആരംഭിച്ച ഫ്ലോട്ടിംഗ് ഹോസ്പിറ്റൽ ഇതുവരെ 6,405 കേസുകൾക്കും ചികിത്സ നൽകി. 43,000 ടണ്ണിലധികം അടിയന്തര സഹായം യു എ ഇ ഫലസ്തീൻ ജനതക്ക് എത്തിച്ചു നൽകിയിട്ടുണ്ട്.