wayanad tunnel road
വയനാട് തുരങ്കപാതക്ക് 2,134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി
മൊത്തം 6,943.37 കോടി രൂപയുടെ 44 പുതിയ പദ്ധതികൾക്ക് കിഫ്ബി ധനാനുമതി നൽകി.
തിരുവനന്തപുരം | വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്കും മലപ്പുറത്തേക്കുമുള്ള ചുരം ബദൽ പാതയായ ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതക്ക് 2,134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി ലഭിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന കിഫ്ബിയുടെ 43 ാം ബോർഡ് യോഗമാണ് ധനാനുമതി നൽകിയത്. കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികൾക്ക് മാത്രമായി 4,597 കോടി രൂപയുടെ അനുമതി നൽകിയിട്ടുണ്ട്. നേരത്തേ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പിന്നീട് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറാക്കിയ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് പ്രകാരമാണ് 2,134 കോടി രൂപയുടെ ചെലവ് വരുമെന്ന് കണ്ടത്. വനം ക്ലിയറൻസ്, സർക്കാർ ഭരണാനുമതി എന്നിവ ലഭിച്ചാൽ നിർമാണ നടപടികളിലേക്ക് കടക്കാനാവും.
അതേസമയം, മൊത്തം 6,943.37 കോടി രൂപയുടെ 44 പുതിയ പദ്ധതികൾക്ക് കിഫ്ബി ധനാനുമതി നൽകി. ഇതോടെ ആകെ 70,762.05 കോടി രൂപയുടെ 962 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളത്. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലും ഇന്നലെ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുമായി പൊതുമരാമത്ത് വകുപ്പിന് കീഴിൽ 4,397.88 കോടി രൂപയുടെ 28 പദ്ധതികൾക്കും ജലവിഭവ വകുപ്പിന് കീഴിൽ 273.52 കോടി രൂപയുടെ നാല് പദ്ധതികൾക്കും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ 392.14 കോടി രൂപയുടെ ഏഴ് പദ്ധതികൾക്കും വെസ്റ്റ് കോസ്റ്റ് കനാൽ വിപുലീകരണത്തിന് മൂന്ന് പദ്ധതികളിലായി 915.84 കോടി രൂപയുടെ പദ്ധതിക്കും കൊച്ചി ബാംഗ്ളൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം അയ്യമ്പുഴയിൽ ഗിഫ്റ്റ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ്) സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപയുടെ പദ്ധതിക്കും ആയുഷ് വകുപ്പിനു കീഴിൽ കീഴിൽ ഇറിയയുടെ രണ്ടാം ഘട്ട സ്ഥലമേറ്റെടുപ്പിനായി 114 കോടി രൂപയുടെ പദ്ധതിയ്ക്കും അനുമതി നൽകിയിട്ടുണ്ട്.
ആലുവ – മൂന്നാർ റോഡ് നവീകരണം – സ്ഥലമേറ്റെടുപ്പിനായി 653.06 കോടി രൂപ
കിഴക്കേക്കോട്ട – മണക്കാട് (അട്ടക്കുളങ്ങര) ഫ്‌ളൈഓവർ സ്ഥലമേറ്റെടുക്കൽ -95.28 കോടി രൂപ
കാസർകോട് ഗവ.മെഡിക്കൽ കോളജ് വികസനം – 31.70 കോടി രൂപ