Connect with us

National

ഛത്തിസ്ഗഢിലെ സുഖ്മയില്‍ 22 മാവോയിസ്റ്റുകള്‍ കീഴടങ്ങി; ഒമ്പത് പേര്‍ സ്ത്രീകള്‍

മാഡ് (ഛത്തിസ്ഗഢ്), നുവാപാഡ (ഒഡീഷ) മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്നവരാണ് ഇവരെന്ന് സുഖ്മ ജില്ലാ പോലീസ് സൂപ്രണ്ട് കിരണ്‍ ചൗഹാന്‍.

Published

|

Last Updated

റായ്പുര്‍ | ഛത്തിസ്ഗഢിലെ സുഖ്മ ജില്ലയില്‍ 22 മാവോയിസ്റ്റുകള്‍ സൈന്യത്തിനു മുമ്പാകെ കീഴടങ്ങി. ഒമ്പത് സ്ത്രീകളുള്‍പ്പെടെയാണ് കീഴടങ്ങിയത്. മാഡ് (ഛത്തിസ്ഗഢ്), നുവാപാഡ (ഒഡീഷ) മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വന്നിരുന്നവരാണ് ഇവരെന്ന് സുഖ്മ ജില്ലാ പോലീസ് സൂപ്രണ്ട് കിരണ്‍ ചൗഹാന്‍ പറഞ്ഞു.

തലയ്ക്ക് എട്ട് ലക്ഷം രൂപ വീതം വിലയിട്ട പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പി എല്‍ ജി എ) ഡെപ്യൂട്ടി കമാന്‍ഡര്‍ മുഷാകി ജോഗ (33), ഇയാളുടെ ഭാര്യ മുഷാകി ജോഗി (28), അഞ്ചുലക്ഷം വീതം വിലയിട്ടിട്ടുള്ള ഏരിയാ കമ്മിറ്റി അംഗങ്ങളായ കികിദ് ദേവെ (30), ദുധി ബുധ്ര (28) എന്നിവരും കീഴടങ്ങിയവരില്‍ ഉള്‍പ്പെടും.

മറ്റൊരു സംഭവത്തില്‍ നാരായണ്‍പുര്‍ ജില്ലയില്‍ നടന്ന ഏറ്റുമു്ട്ടിലിനിടെ, മാവോയിസ്റ്റുകളില്‍ നിന്ന് 11 ലാപ്‌ടോപ്പും അഞ്ചുലക്ഷം രൂപയും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു.

നാരായണ്‍പുരിലെ അബുജ്മാദ് മേഖലയിലെ വനപ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പദംകോട്ട് ബേസ് ക്യാമ്പില്‍ നിന്നുള്ള സുരക്ഷാ സൈനികര്‍ തിരച്ചില്‍ ആരംഭിച്ചു. മൂന്നു മണിക്കൂറോളം നീണ്ട് വെടിവെപ്പിനിടെ കൈവശമുണ്ടായിരുന്ന വസ്തുവഹകള്‍ ഉപേക്ഷിച്ച് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടു. 11 ലാപ്‌ടോപ്പുകള്‍, ആറുലക്ഷം രൂപ, 30 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍, 20 ലിറ്റര്‍ വരുന്ന പെട്രോളും ഡീസലും, രണ്ട് കുക്കര്‍ ബോംബുകള്‍, വെടിയുണ്ടകള്‍, മരുന്നുകള്‍, ലഘുലേഖകള്‍ തുടങ്ങിയവ ഇവിടെ നിന്ന് പിടിച്ചെടുത്തു.

Latest