Connect with us

International

ഗസ്സയിലെ അല്‍ ശിഫ ആശുപത്രിയിലെ ഐസിയുവില്‍ കഴിഞ്ഞ ദിവസം രാത്രിമാത്രം മരിച്ചത് 22 രോഗികള്‍

ആശുപത്രി സമുച്ചയത്തില്‍ വെള്ളം, വൈദ്യുതി, ആശയവിനിമയം സംവിധാനം എന്നിവ ഉള്‍പ്പെടെ വിച്ഛേദിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു

Published

|

Last Updated

ഗസ്സ സിറ്റി |  ഗസ്സിയിലെ അല്‍ ശിഫ ആശുപത്രിയിലെ ഐസിയുവില്‍ കഴിഞ്ഞ ദിവസം രാത്രി മാത്രം 22 രോഗികള്‍ മരിച്ചതായും മൂന്ന് ദിവസങ്ങളില്‍ മാത്രം 55 പേര്‍ മരിച്ചതായും അല്‍ ശിഫ ആശുപത്രി .രോഗികളും മെഡിക്കല്‍ സംഘവും മറ്റ് സിവിലിയന്മാരും ഉള്‍പ്പടെ ഏഴായിരത്തോളം പേര്‍ ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നതായും അല്‍ ശിഫ ഡയറക്ടര്‍ മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു. ആശുപത്രി സമുച്ചയത്തില്‍ വെള്ളം, വൈദ്യുതി, ആശയവിനിമയം സംവിധാനം എന്നിവ ഉള്‍പ്പെടെ വിച്ഛേദിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു

ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് സമീപമുള്ള ഇബ്ന്‍ സിന ആശുപത്രി സമുച്ചയത്തിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജനറേറ്ററുകള്‍ക്ക് ഇന്ധനമില്ലാത്തതിനാല്‍ ഗസ്സയില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 11,470 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്കുകള്‍. അതേ സമയം, ഇസ്‌റഈലില്‍ ഹമാസിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏകദേശം 1200 ആണ്.

കനത്ത വെടിവെപ്പുകള്‍ തുടരുകയിം ഇസ്‌റാഈല്‍ ടാങ്കുകള്‍ ആശുപത്രിയുടെ പരിസരത്ത് നിലയുറപ്പിക്കുകയും ചെയ്തതിനാല്‍ തങ്ങളുടെ സംഘങ്ങള്‍ക്ക് അല്‍ ശിഫ ആശുപത്രി സമുച്ചയത്തിലേക്ക് പ്രവേശിക്കാനായിട്ടില്ലെന്നും ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി (പിആര്‍സിഎസ്) പറയുന്നു.തങ്ങളുടെ സംഘത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും പിആര്‍സിഎസ് ആവശ്യപ്പെട്ടു.

 

Latest