International
നൈജീരിയയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് 22 വിദ്യാര്‍ഥികള്‍ മരിച്ചു; രക്ഷാ പ്രവര്‍ത്തനം തുടരുന്നു
കുട്ടികള്‍ ക്ലാസിലേക്ക് എത്തിയതിന് പിന്നാലെയാണ് കെട്ടിടം തകര്‍ന്നത്.

അബുജ | നൈജീരിയയില്‍ സ്‌കൂള്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 22 വിദ്യാര്‍ഥികള്‍ മരിച്ചു. തകര്‍ന്നു വീണ കെട്ടിടട്ടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 100 ലധികം പേര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.15 വയസോ അതിനു താഴെയോ പ്രായമുള്ള വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പ്ലാറ്റോ സംസ്ഥാനത്തെ ബുസാ ബുജി കമ്മ്യൂണിറ്റിയിലെ സെയിന്റ്‌സ് അക്കാദമി സ്‌കൂളാണ് തകര്‍ന്നു വീണത്. കുട്ടികള്‍ ക്ലാസിലേക്ക് എത്തിയതിന് പിന്നാലെയാണ് കെട്ടിടം തകര്‍ന്നത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 154 വിദ്യാര്‍ഥികളില്‍ 132 പേരെ രക്ഷപ്പെടുത്തിയതായും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും പോലീസ് വക്താവ് ആല്‍ഫ്രഡ് അലബോ പിന്നീട് പറഞ്ഞു. 22 വിദ്യാര്‍ഥികള്‍ മരിച്ചതായും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവര്‍ത്തകരെയും ആരോഗ്യ പ്രവര്‍ത്തകരെയും സുരക്ഷാ സേനയെയും സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും നൈജീരിയയിലെ നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു.സ്‌കൂളിന്റെ ദുര്‍ബലമായ ഘടനയും നദീതീരത്തുള്ള സ്ഥലവുമാണ് ദുരന്തത്തിന് കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു. സമാനമായ പ്രശ്നങ്ങള്‍ നേരിടുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടാനും നിര്‍ദേശിച്ചു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ കെട്ടിടങ്ങള്‍ തകരുന്നത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. കെട്ടിട സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്തതും അറ്റകുറ്റപ്പണികള്‍ നടത്താത്തതുമാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണം