CRIME
വീട് നിർമിക്കാൻ 23 ലക്ഷം രൂപ വേണം; ഒൻപതുകാരനെ അയൽവാസി തട്ടിക്കൊണ്ട് പോയി; മോചനദ്രവ്യം ആവശ്യപ്പെട്ട് പിടിക്കപ്പെടുമെന്നായപ്പോൾ കൊന്ന് ചാക്കിൽ ഒളിപ്പിച്ചു
സംഭവത്തിൽ പ്രതിയേയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.
താനെ | പുതിയ വീട് നിർമിക്കാൻ 23 ലക്ഷം രൂപ കണ്ടെത്തുന്നതിന് ഒൻപത് വയസ്സുകാരനെ അയൽവാസിയായ യുവാവ് തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യമായി വൻതുക ആവശ്യപ്പെട്ട്, പിടിക്കപ്പെടുമെന്നായപ്പോൾ കുട്ടിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഒളിപ്പിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ പ്രതിയേയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകീട്ട് ബദ്ലാപൂരിലെ ഗൊരേഗാവ് ഗ്രാമത്തിൽ നിന്നാണ് ഇബാദ് എന്ന കുട്ടിയെ കാണാതായത്. പ്രദേശത്തെ പള്ളിയിൽ നിന്ന് വൈകീട്ട് നിസ്കാരം കഴിഞ്ഞ് ഇറങ്ങിയ ഇബാദിനെ അയൽവാസിയായ സൽമാൻ എന്നയാൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ കുടുംബം പരിഭ്രാന്തരായി തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ വൻ തുക മോചന ദ്രവ്യം ആവശ്യപ്പെട്ട് ഇബാദിന്റെ പിതാവ് മുദ്ദസിറിന് ഫോൺ കോൾ ലഭിച്ചു. എന്നാൽ ഫോണിൽ വിശദാംശങ്ങൾ ഒന്നും വെളിപ്പെടുത്തിയില്ല.
സംഭവം പോലീസിൽ അറിയിച്ചതോടെ പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഗ്രാമവാസികളും സകലയിടങ്ങിലും തിരച്ചിൽ നടത്തി. ഇതോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായ പ്രതി ഫോണിന്റെ സിം കാർഡുകൾ മാറ്റി.
തിങ്കളാഴ്ച ഉച്ചയോടെ അന്വേഷണം സൽമാനിൽ എത്തിച്ചേർന്നു. സൽമാന്റെ താമസ്ഥലം വളഞ്ഞ് പരിശോധിച്ച പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി വീടിന് പിന്നിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തട്ടിക്കൊണ്ടുപോകലും കൊലപാതകവുമായി ബന്ധപ്പെട്ട് സൽമാനോടൊപ്പം സഹോദരൻ സഫ്‍വാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സൽമാനെ പ്രധാന പ്രതിയായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഈ നിഷ്ഠൂര കുറ്റകൃത്യത്തിൽ ഇയാളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള മറ്റ് വ്യക്തികളുടെ പങ്കാളിത്തം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും ബദ്‌ലാപൂർ പോലീസ് ഉദ്യോഗസ്ഥൻ ഗോവിന്ദ് പാട്ടീൽ പറഞ്ഞു.