From the print
എട്ടാം ദിനവും തുടർച്ചയായ ആക്രമണം; ഗസ്സയിൽ ഏഴ് കുട്ടികളടക്കം 23 പേർ കൊല്ലപ്പെട്ടു
ഗസ്സാ ആക്രമണം പുനരാരംഭിച്ചതിനുശേഷമുള്ള ഒരാഴ്ചക്കുള്ളിൽ 270ലധികം കുട്ടികൾ കൊല്ലപ്പെട്ടതായി ‘സേവ് ദ ചിൽഡ്രൻസ്’ പറഞ്ഞു

ഗസ്സ | ഗസ്സയിൽ തുടർച്ചയായ എട്ടാം ദിവസവും ബോംബാക്രമണം തുടർന്ന് ഇസ്‌റാഈൽ. ഇന്നലെ ഏഴ് കുട്ടികളടക്കം 23 പേർ കൊല്ലപ്പെട്ടു. ഗസ്സാ ആക്രമണം പുനരാരംഭിച്ചതിനുശേഷമുള്ള ഒരാഴ്ചക്കുള്ളിൽ 270ലധികം കുട്ടികൾ കൊല്ലപ്പെട്ടതായി ‘സേവ് ദ ചിൽഡ്രൻസ്’ പറഞ്ഞു. പുതിയ കുടിയൊഴിപ്പിക്കൽ ഉത്തരവിലൂടെ പതിനായിരത്തിലധികം ഫലസ്തീനികളെ ഇസ്‌റാഈൽ സൈന്യം ആട്ടിയിറക്കി. വടക്കൻ അതിർത്തി നഗരങ്ങളിലെ ഫലസ്തീനികളെയാണ് ഇന്നലെ കുടിയിറക്കിയത്. ഇവിടെ നിന്ന് ഇസ്‌റാഈൽ പ്രദേശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചുവെന്ന വാദമുയർത്തിയാണ് ജനങ്ങളെ ആട്ടിയോടിച്ചത്. ഗസ്സാ നഗരത്തിലെ ജബലിയ, ബൈത്ത് ലാഹിയ, ബൈത്ത് ഹനൂൻ, ശുജയ്യ എന്നിവിടങ്ങളിലും തെക്കൻ ഗസ്സയിലും ഖാൻ യൂനുസിലും റഫയിലും ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചു. അതേസമയം, പുറത്താക്കപ്പെട്ട ഫലസ്തീനികൾക്ക് കഴിയാൻ ഗസ്സാ മുനമ്പിൽ സുരക്ഷിത പ്രദേശങ്ങളൊന്നുമില്ലെന്ന് ഐക്യരാഷ്ട്രസഭ തന്നെ പറയുന്നു.
ഗസ്സയിൽ ബന്ദികളാക്കപ്പെട്ട 59 പേരെ മോചിപ്പിക്കാൻ ഹമാസിനെ സമ്മർദത്തിലാക്കാനാണ് പുതിയ ആക്രമണമെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ വ്യക്തമാക്കി. ബന്ദികളിൽ 24 പേർ ജീവനോടെയുണ്ടെന്നാണ് അനുമാനം.
അതേസമയം, ഗസ്സയിൽ സമാധാനം കൈവരിക്കാൻ മൂന്ന് ഘട്ടങ്ങളിലായി വിഭാവനം ചെയ്ത വെടിനിർത്തൽ കരാർ നടപ്പാക്കാൻ മധ്യസ്ഥത വഹിക്കുന്ന ഖത്വർ, ഈജിപ്ത്, അമേരിക്ക എന്നിവരുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്ന് ഹമാസ് അറിയിച്ചു.
അതിനിടെ, ഗസ്സയിൽ തങ്ങളുടെ ജീവനക്കാരിൽ മൂന്നിലൊന്ന് പേരെ പിൻവലിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. യു എൻ ജീവനക്കാർക്ക് നേരെ നിരന്തരമുള്ള ഇസ്‌റാഈൽ ആക്രമണത്തെ തുടർന്നാണിത്. ഏറ്റവുമൊടുവിൽ ഇസ്‌റാഈൽ ടാങ്ക് ആക്രമണത്തിൽ ഒരു യു എൻ ജീവനക്കാരൻ കൂടി കൊല്ലപ്പെട്ടതോടെയാണ് യു എൻ ഇക്കാര്യം അറിയിച്ചത്. 2023 ഒക്‌ടോബറിന് ശേഷം ഗസ്സയിൽ ആക്രമണത്തിൽ 280 യു എൻ ജീവനക്കാരാണ് കൊല്ലപ്പെട്ടത്.