Kerala
സംഘപരിവാറിന് വഴങ്ങി; 'എമ്പുരാനി'ൽ 24 വെട്ട്; എന്‍ഐഎയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യു; നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി വി വിജീഷ് ഹൈക്കോടതിയില്‍ ഹരജി നല്‍കി.

തിരുവനന്തപുരം | സംഘപരിവാറിന്റെ ശക്തമായ പ്രതിഷേധത്തിന് വഴങ്ങി ഗുജറാത്ത് വംശഹത്യയെ ഓർമിപ്പിച്ച എമ്പുരാൻ സിനിമ വെട്ടി ഒതുക്കി നിർമ്മാതാക്കൾ. സിനിമയുടെ എഡിറ്റ് ചെയ്ത പതിപ്പിൽ 24 വെട്ടെന്ന് റിപോര്‍ട്ട്. പ്രധാനപ്പെട്ട വില്ലന്റെ ബജ്‌റംഗി എന്ന പേര് ബല്‍ദേവ് എന്നാക്കുകയും സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ മുഴുവന്‍ ഒഴിവാക്കുകയും ചെയ്തതായി സെന്‍സര്‍ രേഖയില്‍ വ്യക്തമാക്കുന്നു.
എന്‍ഐഎയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കി. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തിട്ടുണ്ട്. 2 മിനിറ്റ് 8 സെക്കന്‍ഡ് ആണ് ചിത്രത്തില്‍ നിന്ന് വെട്ടിപോയിരിക്കുന്നത്.
എമ്പുരാന്‍ സിനിമയുടെ ഭാഗങ്ങള്‍ എഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചത് ആരെയും ഭയന്നല്ല.
വേറെ ഒരാളുടെ സംസാരത്തില്‍ നിന്നല്ല ഇത് ചെയ്തത്. ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തു.അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു.
അതേസമയം സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി വി വിജീഷ് ഹൈക്കോടതിയില്‍ ഹരജി നല്‍കി.സിനിമ രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതാണെന്നുമാണ് ഹരജിയിലെ ആരോപണം.