Connect with us

From the print

മഴ ലഭ്യതയില്‍ 25 ശതമാനം കുറവ്

ശരാശരി 648.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 489.2 മില്ലി മീറ്റര്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മഴ ലഭ്യതയില്‍ 25 ശതമാനം മഴക്കുറവെന്ന് കാലാവസ്ഥാ വിഭാഗം. ജൂണില്‍ ശരാശരി 648.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 489.2 മില്ലി മീറ്റര്‍ മഴയാണ്. എങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ഇത്തവണ ജൂണില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രവചിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം 60 ശതമാനം മഴക്കുറവുണ്ടായിരുന്നു. 1976 നും 1962 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസമായിരുന്നു ഇത്തവണത്തേത്.

ഇക്കുറി രണ്ട് ദിവസം നേരത്തെ വന്ന കാലവര്‍ഷം കേരളത്തില്‍ തുടക്കത്തില്‍ പൊതുവെ ദുര്‍ബലമായിരുന്നു. ജൂണ്‍ ആദ്യ പകുതിയില്‍ കാലവര്‍ഷക്കാറ്റ് പൊതുവെ ദുര്‍ബലമായതാണ് മഴ കുറയാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. ഉയര്‍ന്ന ലെവലില്‍ കിഴക്കന്‍ കാറ്റ് തുടര്‍ന്നതിനാല്‍ ഇടിമിന്നലോടു കൂടിയ മഴയായിരുന്നു ജൂണ്‍ പകുതിയില്‍ കൂടുതലും കേരളത്തില്‍ ലഭിച്ചത്. ജൂണ്‍ 20ന് ശേഷം കേരള തീരത്ത് ന്യൂനമര്‍ദ പാത്തി രൂപപ്പെടുകയും കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ കാലവര്‍ഷം വീണ്ടും സജീവമായി. കേരളത്തിന് അനുകൂലമായി ഈ കാലയളവില്‍ കൂടുതല്‍ ചക്രവാതച്ചുഴികളോ ന്യൂനമർദമോ രൂപപ്പെടാത്തതും അതോടൊപ്പം ആഗോള മഴ പാത്തി(എം ജെ ഒ) പ്രതിഭാസം അനുകൂലമാകാതിരുന്നതും ജൂണില്‍ മഴ കുറയാനുള്ള പല കാരണങ്ങളില്‍ ചിലതാണ്.

എല്ലാ ജില്ലകളിലും ഇത്തവണയും സാധാരണയെക്കാള്‍ കുറവ് മഴയാണ് ലഭിച്ചത്. ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ല(757.5 മില്ലീ മീറ്റര്‍)യിലാണെങ്കിലും സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ (879.1 മില്ലി മീറ്റര്‍) 14 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. തൊട്ട് പിന്നില്‍ കാസര്‍കോട് ജില്ല(748.3 മില്ലി മീറ്റര്‍, 24 ശതമാനം കുറവ്) യാണ്. ഏറ്റവും കുറവ് തിരുവനന്തപുരം(289.3 മില്ലി മീറ്റര്‍), കൊല്ലം(336.3 മില്ലി മീറ്റര്‍) ജില്ലകളിലാണ്.

 

Latest