National
2019 ല്‍ പിതാവിനെ തോല്‍പ്പിച്ച ബിജെപി സ്ഥാനാര്‍ഥിക്കെതിരെ വിജയിച്ച് 25 കാരന്‍; മധുര പ്രതികാരം യുപിയില്‍
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എം പിയാണ് പുഷ്‌പേന്ദ്ര സരോജ്.
ലക്‌നോ | 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്റെ പിതാവിനെ പരാജയപ്പെടുത്തിയ ബിജെപി സ്ഥാനാര്‍ഥിയെ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പരാജയപ്പെടുത്തി 25 കാരന്‍. ഉത്തര്‍പ്രദേശിലെ കൗശാംബി ലോക്‌സഭ മണ്ഡലത്തില്‍ നിന്നാണ് മധുരപ്രതികാരത്തിന്റെ കഥ പുറത്തുവരുന്നത്. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച 25 കാരനായ പുഷ്‌പേന്ദ്ര സരോജാണ് പിതാവിനെ 2019 ല്‍ തോല്‍പ്പിച്ച സ്ഥാനാര്‍ഥിക്കെതിരെ മിന്നും വിജയം നേടിയത്.
അഞ്ച് തവണ എം എല്‍ എ യും ഉത്തര്‍പ്രദേശിലെ മുന്‍ മന്ത്രിയുമായ ഇന്ദ്രജിത്ത് സരോജായിരുന്നു 2019 ല്‍ കൗശാംബിയിലെ എസ് പി സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥി വിനോദ് കുമാര്‍ സോങ്കറാണ് 2019 ല്‍ ഇവിടെ നിന്നും വിജയിച്ചത്. ഇതേ സ്ഥാനാര്‍ഥിക്കെതിരെയാണ് ഇന്ദ്രജിത്ത് സരോജിന്റെ 25 കാരനായ മകന്‍ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറിയത്.
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എം പിയാണ് 25 കാരനായ പുഷ്‌പേന്ദ്ര സരോജ്. 2019 ല്‍ തന്റെ പിതാവിനെ തോല്‍പ്പിച്ചയാള്‍ക്കെതിരെ മത്സരിച്ച് വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് പുഷ്‌പേന്ദ്ര സരോജ് പ്രതികരിച്ചു. കഴിഞ്ഞ തവണ ഞാന്‍ നിന്റെ അച്ഛനെ തോല്‍പ്പിച്ചെന്നും ഇത്തവണ നിന്നെ തോല്‍പ്പിക്കുമെന്നും ബിജെപി സ്ഥാനാര്‍ഥി പറഞ്ഞിരുന്നു.എന്നാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ ഇത് ഏറ്റെടുത്ത് തനിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും പുഷ്‌പേന്ദ്ര പറഞ്ഞു.