Connect with us

From the print

പത്ത് വർഷത്തിനിടെ വാളയാറിൽ പ്രായപൂർത്തിയാകാത്ത 27 പെൺകുട്ടികൾ ആത്മഹത്യ ചെയ്തു

ആത്മഹത്യകൾ 2010 നും 2023നും ഇടയിലെന്ന് സി ബി ഐ കുറ്റപത്രം

Published

|

Last Updated

പാലക്കാട് | പത്ത് വർഷത്തിനുള്ളിൽ വാളയാറിൽ 18 വയസ്സിന് താഴെയുള്ള 27 പെൺകുട്ടികൾ ആത്മഹത്യ ചെയ്്തതായി സി ബി ഐ റിപോർട്ട്. വാളയാർ കേസുമായി ബന്ധപ്പെട്ട് കൊച്ചി സി ബി ഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2017 ജനുവരി 13ന് 13 വയസ്സുള്ള മൂത്ത സഹോദരിയെയും 53 ദിവസത്തിന് ശേഷം ഒമ്പത് വയസ്സുള്ള പെൺകുട്ടിയെയും വാളയാർ അട്ടപ്പട്ടത്തുള്ള ഒറ്റമുറി വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണത്തിന് മുമ്പ് ഇവർ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
സമാനമായി 1996ലും രണ്ട് സഹോദരികൾ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നതായും ഇവരുടെ പോസ്റ്റ്‌മോർട്ടം റിപോർട്ടിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായും സി ബി ഐ പറയുന്നു. 2010 മുതൽ 2023 വരെയുള്ള കാലയളവിലാണ് ആത്മഹത്യകൾ.
305ഓളം പോക്സോ കേസുകളും വാളയാർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാളയാർ കേസിൽ പെൺകുട്ടികളുടെ മരണം കൊലപാതകമെന്ന് വ്യാപക പ്രചാരണമുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് കണ്ടെത്തുന്നതിന് ഈ മേഖലയിൽ ഇത്തരത്തിൽ ആത്മഹത്യ ചെയ്തവരുടെ കണക്കുകൾ ഉദ്യോഗസ്ഥർ ശേഖരിക്കുകയും സി ബി ഐ കോടതിയിൽ കുറ്റപത്രത്തോടൊപ്പം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വാളയാറിൽ മരിച്ച പെൺകുട്ടികളുടെ കൂട്ടുകാരികളുടെ അടക്കം മൊഴിയും ഇതുസംബന്ധിച്ച് ശേഖരിച്ചിട്ടുണ്ട്. കൂട്ടുകാരികളും പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് സൂചിപ്പിച്ചിട്ടുള്ളതെന്ന് സി ബി ഐ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാളയാർ മേഖലയിലെ ഭൂരിപക്ഷം ആളുകളും ദരിദ്രരും നിരക്ഷരരും നിയമത്തെക്കുറിച്ച് അറിയാത്തവരുമാണ്. ഇത് മുതലെടുത്താണ് പലരും പെൺകുട്ടികളെ ചൂഷണം ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്യാത്ത നിരവധി സംഭവങ്ങളും വാളയാറിലുണ്ടെന്നും സി ബി ഐ ഉദ്യോഗസ്ഥർ പറയുന്നു.

സംസ്ഥാനത്ത് 36നും 40നും ഇടയിൽ പ്രായമുള്ളവരാണ് ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലെന്നാണ് പോലീസ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, വാളയാറിൽ 18 വയസ്സിന് താഴെയുള്ളവരുടെ ആത്മഹത്യ ഞെട്ടിപ്പിക്കുന്നതാണ്. വാളയാർ സംഭവം പുറത്തുവന്നതോടെയാണ് ഇത്തരം കേസുകൾ ചുരുങ്ങാനിടയാക്കിയതെന്നും സി ബി ഐ പറയുന്നു.
പാലക്കാട് ജില്ലയിൽ 2016 മുതൽ 2024 വരെ പോലീസിന്റെ കണക്ക് പ്രകാരം 18ന് താഴെയുള്ള 20 പെൺകുട്ടികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മൂന്ന് കുട്ടികൾ ആത്മഹത്യ ചെയ്തതായും പറയുന്നു.