Connect with us

Uae

സർക്കാർ ജീവനക്കാർക്ക് 27.7 കോടി ദിർഹം ബോണസ്

സർക്കാരിൽ ജോലി ചെയ്യുന്നവർക്ക് ബോണസ് തുക അനുവദിക്കുന്നത് ഇതാദ്യമല്ല.

Published

|

Last Updated

ദുബൈ| ദുബൈ ഗവൺമെന്റിലെ സിവിലിയൻ ജീവനക്കാർക്ക് പ്രകടന ബോണസ് നൽകുമെന്ന് കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അറിയിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം 27.7 കോടി ദിർഹത്തിന്റെ ബോണസ് അംഗീകരിച്ചതായി ശൈഖ് ഹംദാൻ ഒരു ട്വീറ്റിൽ പറഞ്ഞു.

“നിങ്ങളുടെ ശ്രമങ്ങളിലൂടെയാണ് ദുബൈ ആഗോളതലത്തിൽ ഉയർന്നുവന്നതെന്ന് ഞങ്ങൾക്ക് അറിയാം’ എന്ന് ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു. സർക്കാരിൽ ജോലി ചെയ്യുന്നവർക്ക് ബോണസ് തുക അനുവദിക്കുന്നത് ഇതാദ്യമല്ല. 2023 ൽ, സിവിലിയൻ ഗവൺമെന്റ് ജീവനക്കാർക്ക് 15.2 കോടി ദിർഹത്തിന്റെ ബോണസ് അനുവദിച്ചിരുന്നു.

2025ൽ പുറത്തിറങ്ങിയ ഒരു സർവേയിൽ യു എ ഇ നിവാസികളിൽ ഏകദേശം 75 ശതമാനം പേരും ബോണസ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സാങ്കേതികവിദ്യ, ബേങ്കിംഗ്, ആരോഗ്യ സംരക്ഷണം, കൺസൾട്ടൻസി തുടങ്ങി വളർച്ചയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് 2024ൽ ഏറ്റവും ഉയർന്ന ബോണസ് വാഗ്ദാനം ചെയ്ത പശ്ചാത്തലത്തിലാണ് ശൈഖ് ഹംദാന്റെ പ്രഖ്യാപനം. പ്രത്യേക റോളുകളിൽ ഉള്ളവർക്ക് ആറ് മാസത്തെ ശമ്പളം വരെ ബോണസ് ലഭിക്കും.