Connect with us

From the print

റമസാൻ 27ാം രാവ്: പ്രാർഥനാ സമ്മേളന പരിപാടികൾക്ക് തുടക്കമായി

ജനലക്ഷങ്ങളുടെ ആത്മീയ സംഗമത്തോടെ നാളെ സമാപനം

Published

|

Last Updated

മലപ്പുറം | മഅ്ദിൻ അക്കാദമി റമസാൻ ഇരുപത്തിയേഴാം രാവിൽ സംഘടിപ്പിക്കുന്ന പ്രാർഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികൾക്ക് തുടക്കമായി. സമസ്ത പ്രസിഡന്റ്ഇ സുലൈമാൻ മുസ്്ലിയാർ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു.

സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ, സമസ്ത കേന്ദ്ര മുശാവറ അംഗം വെള്ളയൂർ അബ്ദുൽ അസീസ് സഖാഫി, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ഉപാധ്യക്ഷൻ കെ പി എച്ച് തങ്ങൾ കാവനൂർ, ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസ്്ലിയാർ, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, സമസ്ത ജില്ലാ മുശാവറ അംഗം ഏലംകുളം അബ്ദുർറശീദ് സഖാഫി, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂർ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ്സയ്യിദ് ശിഹാബുദ്ദീൻ അൽ ഐദ്രൂസി കല്ലറക്കൽ, മൂസ ഫൈസി ആമപ്പൊയിൽ, എസ് എസ് എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ശുഐബ് ആനക്കയം, പരി മാനുപ്പ ഹാജി പ്രസംഗിച്ചു.
മഅ്ദിൻ ഗ്രാൻഡ് മസ്ജിദിൽ നടക്കുന്ന പ്രത്യേക ഇഅ്തികാഫ് ജൽസക്കും തുടക്കമായി. ഇന്ന് രാവിലെ പത്ത് മുതൽ 12.30 വരെ മഅ്ദിൻ ഓഡിറ്റോറിയത്തിൽ വനിതാ വിജ്ഞാന വേദി സമാപനവും പ്രാർഥനാ സദസ്സും നടക്കും. സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും. ഉച്ചക്ക് മൂന്നിന് കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫിന് കീഴിൽ വിവിധ യൂനിറ്റുകളിൽ നിന്നും കൊണ്ടുവരുന്ന വിഭവ സമാഹരണ യാത്രക്ക് സ്വീകരണം നൽകും.
വൈകിട്ട് 4.30ന് സമസ്ത ജില്ലാ സെക്രട്ടറിയും സ്വലാത്ത് നഗർ ഖാസിയുമായിരുന്ന സി കെ ഉസ്താദ് ആണ്ട് നേർച്ച നടക്കും. നാളെ പുലർച്ചെ മുതൽ വിവിധ ആത്മീയ മജ്്ലിസുകൾ സംഘടിപ്പിക്കും. രാവിലെ പത്തിന് ഖത്്മുൽ ഖുർആൻ സംഗമം, ഉച്ചക്ക് ഒന്നിന് അസ്മാഉൽ ബദ്്രിയ്യീൻ മജ്‌ലിസ്, വൈകിട്ട് നാലിന് അസ്മാഉൽ ഹുസ്‌നാ സദസ്സ് എന്നിവ നടക്കും.

ഒരു ലക്ഷം പേർക്ക് സമൂഹ നോമ്പുതുറയൊരുക്കും. തുടർന്ന് അവ്വാബീൻ, തസ്ബീഹ്, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങൾ നടക്കും. രാത്രി ഒന്പതിന് പ്രാർഥനാ സമ്മേളന സമാപന പരിപാടികൾ ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ്ഇ സുലൈമാൻ മുസ്്ലിയാർ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർഥനയും നടത്തും. ലഹരിക്കെതിരെ ജനലക്ഷങ്ങൾ ഒരുമിച്ച് പ്രതിജ്ഞയെടുക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നിർവഹിക്കും.
സ്വലാത്ത്, ഖുർആൻ പാരായണം, പാപമോചന പ്രാർഥന, മഹത്തുക്കളുടെ അനുസ്മരണം, സമാപന പ്രാർഥന എന്നിവയും നടക്കും. വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേരുന്ന വിശ്വാസികൾക്ക് പരിപാടിയിൽ സംബന്ധിക്കുന്നതിന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രാർഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങൾക്ക് പ്രത്യേക ഹെൽപ് ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9633158822, 9562451461.

Latest