swalath nagar
27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം; ജനലക്ഷങ്ങളെ സ്വീകരിക്കാന്‍ സ്വലാത്ത് നഗര്‍ ഒരുങ്ങി
പ്രാര്‍ത്ഥനാ സമ്മേളന സമാപന ചടങ്ങുകള്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
മലപ്പുറം | ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റമസാന്‍ പ്രാര്‍ഥനാസംഗമത്തിന് സ്വലാത്ത് നഗറില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച ഉച്ചക്ക് ഒന്നു മുതല്‍ പുലര്‍ച്ചെ മൂന്നു വരെ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി വിശ്വാസികള്‍ എത്തിച്ചേരും. പ്രാര്‍ഥനാ സമ്മേളനത്തിനെത്തുന്നവരുടെ സൗകര്യത്തിനായി കോഴിക്കോട്-പാലക്കാട് റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി യുടെ എല്ലാ ബസുകള്‍ക്കും സ്വലാത്ത് നഗറില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹകരണത്തോടെയാണ് ലക്ഷക്കണക്കിനു വിശ്വാസികള്‍ക്കു വേണ്ട സൗകര്യങ്ങള്‍ സ്വലാത്ത് നഗറില്‍ ഒരുക്കിയിട്ടുള്ളത്.
അടിയന്തിരാവശ്യങ്ങള്‍ക്ക് സൂപ്പര്‍സ്‌പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂനിറ്റ് നഗരിയില്‍ ക്യാമ്പ് ചെയ്യും. കൂടാതെ ഫയര്‍ഫോഴ്‌സിന്റെയും 5555 അംഗ വളണ്ടിയര്‍ കോറിന്റെയും സേവനവുമുണ്ടാകും. വിശ്വാസികളുടെ സൗകര്യാര്‍ഥം സമ്മേളന നഗരിയിലും പരിസരത്തും വിശാലമായ പന്തലുകളും ഓഡിറ്റോറിയങ്ങളും തയ്യാര്‍ ചെയ്തിട്ടുണ്ട്.
പോലീസ്, ഫയര്‍ ഫോഴ്‌സ്, മെഡിക്കല്‍ വിംഗുകള്‍ ഉള്‍പ്പെടെ നഗരിയിലും പരിസരങ്ങളിലുമായി നൂറിലധികം ഹെല്‍പ്പ് ലൈന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം നോമ്പ്തുറ, അത്താഴ സൗകര്യങ്ങളും സജ്ജീകരിക്കും. ഗ്രാന്റ് ഇഫ്ത്വാറിലേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് കൊണ്ട്് വരുന്ന പത്തിരി, മറ്റുവിഭവങ്ങള്‍ കൗണ്ടറുകളില്‍ സ്വീകരിക്കും. പ്രവാസികള്‍ക്കായി പ്രത്യേക ഗള്‍ഫ് കൗണ്ടറും വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അത്താഴ സൗകര്യവും പ്രത്യേകം ഒരുക്കും.
സ്വലാത്ത് നഗറിലെ പ്രധാന നഗരിക്കു പുറമെ വിവിധ ഗ്രൗണ്ടുകളില്‍ വിപുലമായ ശബ്ദ-വെളിച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാര്‍ഥനാ സമ്മേളന പരിപാടികള്‍ വീക്ഷിക്കുന്നതിന് വിവിധ സ്ഥലങ്ങളില്‍ എല്‍ ഇ ഡി വാള്‍ സൗകര്യവുമുണ്ടാകും.
പ്രാര്‍ത്ഥനാ സമ്മേളന നഗരിയിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഇഅ്തികാഫ് ജല്‍സയില്‍ പങ്കെടുക്കുന്നതിന് നൂറ് കണക്കിനുപേരാണ് മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ എത്തിയിട്ടുള്ളത്. കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്ന വിഭവസമാഹരണ യാത്രക്ക് ഇന്ന് വൈകുന്നേരം നാലിന് മഅദിന്‍ കാമ്പസില്‍ സ്വീകരണം നല്‍കും.
പ്രാര്‍ഥനാ സമ്മേളന ആത്മീയ മജ്ലിസുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം നാലിന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ നിര്‍വ്വഹിക്കും. പ്രാര്‍ഥനാ സമ്മേളന ദിനമായ ശനിയാഴ്ച രാവിലെ മുതല്‍ വിവിധ ആത്മീയ വൈജ്ഞാനിക ചടങ്ങുകള്‍ നടക്കും. ഉച്ചക്ക് ഒന്നിന് അസ്മാഉല്‍ ബദ്രിയ്യീന്‍, മൂന്നിന് അസ്മാഉല്‍ ഹുസ്നാ മജ്ലിസ്, അഞ്ചിന് വിര്‍ദുല്ലത്വീഫ് എന്നിവ നടക്കും. ശേഷം ഒരു ലക്ഷം പേര്‍ സംബന്ധിക്കുന്ന ഗ്രാന്റ് ഇഫ്ത്വാര്‍ സംഗമം നടക്കും. പള്ളിയിലും ഗ്രൗണ്ടുകളിലുമായി അവ്വാബീന്‍, തറാവീഹ്, വിത്വ്റ് നിസ്‌കാരങ്ങള്‍ നടക്കും.
രാത്രി ഒമ്പതിന് മുഖ്യവേദിയില്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, കണ്ണീരണിഞ്ഞ സമാപന പ്രാര്‍ഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങള്‍.
പ്രാര്‍ത്ഥനാ സമ്മേളന സമാപന ചടങ്ങുകള്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും.