Connect with us

International

പാക്കിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 30 മരണം; നൂറോളം ആളുകൾക്ക് പരുക്ക്

ഹസാര എക്സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്.

Published

|

Last Updated

ഇസ്‍ലാമാബാദ്| പാക്കിസ്ഥാനിൽ ട്രെയിൻ പാളം തെറ്റി 30 മരണം. നൂറോളം ആളുകൾക്ക് പരുക്കേറ്റു. കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോവുകയായിരുന്ന ഹസാര എക്സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. നവാബ്ഷായിലെ സർഹാരി റെയിൽവേ സ്റ്റേഷന് സമീപം ഉച്ചക്ക് 1.18നായിരുന്നു ദുരന്തം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നവാബ്‌ഷായിലെയും സിന്ധിലെ സമീപ ജില്ലകളിലെയും പ്രധാന ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രെയിനിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. ബോഗികൾക്ക് എല്ലാം സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ബ്രേക്ക് ചെയ്യാൻ വൈകിയതാണ് അപകടത്തിനിടയാക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനമെന്ന് റെയിൽവേ വക്താവ് പറഞ്ഞു. അപകടത്തെ തുടർന്ന് സിന്ധിലെ ഉൾപ്രദേശങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകൾ നിർത്തിവച്ചു.


ആയിരത്തോളം ആളുകൾ ട്രെയിനിൽ ഉണ്ടായിരുന്നതായി പാക് റെയിൽവേ മന്ത്രി ഖ്വാജ സഅദ് റഫീഖ് മാധ്യമങ്ങളോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ട്രെയിൻ സാധാരണ വേഗതയിലായിരുന്നെന്നും പാളം തെറ്റിയതിലേക്ക് നയിച്ചത് എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന് കാരണം മെക്കാനിക്കൽ തകരാറോ അട്ടിമറിയോ ആയിരിക്കാമെന്നും രണ്ടായാലും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഈ വര്‍ഷമാദ്യം ഇതേ ട്രെയിന്‍ സമാനമായ അപകടത്തില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.


ശനിയാഴ്ച പുലർച്ചെ പാഡിദാൻ റെയിൽവേ സ്റ്റേഷന് സമീപം അല്ലാമ ഇഖ്ബാൽ എക്സ്പ്രസിന്റെ രണ്ട് ബോഗികൾ പാളം തെറ്റിയിരുന്നു. അപടകത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല. ഈ സംഭവം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് വൻ ദുരന്തം സംഭവിക്കുന്നത്.

പാക്കിസ്ഥാൻറെ പഴക്കംചെന്ന റെയിൽവേ സംവിധാനത്തിൽ അപകടങ്ങളും പാളം തെറ്റലും പതിവാണ്. 2021 ജൂണിൽ സിന്ധിലെ ദഹാർക്കിക്ക് സമീപം രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 65 പേർ മരിക്കുകയും 150 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 2013 നും 2019 നും ഇടയിൽ 150 പേർ ഇത്തരം സംഭവങ്ങളിൽ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Latest