Connect with us

National

ഗ്വാളിയോറില്‍ മയക്കുമരുന്നിന് അടിമയായ 28കാരനെ വാടകക്കൊലയാളികളെ വച്ച് കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍

തലയിലും നെഞ്ചിലും ഒന്നിലധികം തവണ കൊലയാളികള്‍ വെടിയുതിര്‍ത്തതായാണ് പോലീസ് വ്യക്തമാക്കുന്നത്.

Published

|

Last Updated

ഭോപ്പാല്‍ | ഗ്വാളിയോറില്‍ മയക്കുമരുന്നിന് അടിമയായ 28കാരനെ വാടകക്കൊലയാളികളെ വച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. 28കാരനായ ഇര്‍ഫാന്‍ ഖാനാണ് കൊല്ലപ്പെട്ടത്.രണ്ടംഗ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് പിതാവ് ഹസന്‍ ഖാന്‍ മകനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട ഇര്‍ഫാന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്ന ഇര്‍ഫാന്റെ ദുശ്ശീലങ്ങള്‍ കാരണം വീട്ടില്‍ എന്നും സംഘര്‍ഷമായിരുന്നു.തുടര്‍ന്നാണ് മകനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്താമെന്ന തീരുമാനത്തിലേക്ക് പിതാവ് എത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച ബദ്നാപുര – അക്ബര്‍പുര്‍ കുന്നിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇര്‍ഫാനെ ഹസന്‍ കൊണ്ടുചെന്നു. അവിടെ വെച്ചാണ് കൊലയാളികള്‍ ഇര്‍ഫാനെ വെടിവെച്ചു കൊന്നത്. തലയിലും നെഞ്ചിലും ഒന്നിലധികം തവണ കൊലയാളികള്‍ വെടിയുതിര്‍ത്തതായാണ് പോലീസ് വ്യക്തമാക്കുന്നത്.

സംഭവത്തിന് ശേഷം നിരവധി പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നെങ്കിലും ആദ്യം കുറ്റവാളികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഹസന്‍ ഖാന്റെ മൊഴിയിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ചതോടെയാണ് സത്യം പുറത്തറിയുന്നത്.

അര്‍ജുന്‍ എന്ന ഷറഫത്ത് ഖാന്‍, ഭീം സിംഗ് പരിഹാര്‍ എന്നിവര്‍ക്കാണ്  50,000 രൂപയ്ക്ക് മകനെ കൊല്ലാനായി പിതാവ് ക്വട്ടേഷന്‍ നല്‍കിയത്.ഇവര്‍ ഒളിവിലാണ്. പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.