International
കലാപബാധിത ബംഗ്ലാദേശില്‍ നിന്നും ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടി നേതാക്കളുടെ 29 മൃതദേഹങ്ങള്‍ കണ്ടെടുത്തു
ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ട സാഹചര്യത്തില്‍ രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാറിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും .
ധാക്ക |ഷെയ്ഖ് ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്‌തെങ്കിലും ബംഗ്ലാദേശില്‍ കലാപം ശമനമില്ലാതെ തുടരുകയാണ്. കലാപത്തില്‍ 400ഓളം പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ 29 നേതാക്കളുടെയും കുടുംബങ്ങളുടെയും മൃതദേഹങ്ങള്‍ ചൊവ്വാഴ്ച ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെടുത്തു.
രാജ്യത്ത് നടപ്പാക്കിയ സംവരണ സംവിധാനത്തിനെതിരായണ് പ്രക്ഷോഭം ഉടലെടുത്തത്. സ്റ്റുഡന്റ്‌സ് എഗെയ്ന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍ എന്ന സംഘടനയാണ് സര്‍ക്കാരിനെതിരേ നിസ്സഹകരണസമരം തുടങ്ങിയത്. പ്രക്ഷോഭകര്‍ക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.കഴിഞ്ഞ രണ്ടുദിവസമായി ബംഗ്ലാദേശിലെ തെരുവുകളിൽ ശരിക്കും തീക്കളിയാണ്.
തിങ്കളാഴ്ച ഹസീന രാജിവെച്ചതിന് പിന്നാലെ സത്ഖിറയിലുണ്ടായ അക്രമത്തില്‍ 10പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി അവാമി നേതാക്കളുടെ വീടുകളും വ്യാപര സ്ഥാപനങ്ങളും നശിപ്പിക്കുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു.കുമില്ലയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. മുന്‍ കൗണ്‍സിലര്‍ മുഹമ്മദ് ഷാ ആലമിന്റെ മൂന്ന് നില വീടിന് ആക്രമികള്‍ തീയിട്ടതിനെ തുടര്‍ന്ന് ആറ് പേര്‍ മരിച്ചു. ഷാ ആലമിന്റെ വീടിന്റെ താഴത്തെ നില ഒരുകൂട്ടം ആളുകള്‍ തീയിട്ട് നശിപ്പിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.വീടിന്റെ മൂന്നാം നിലയിലേക്ക് അഭയം പ്രാപിച്ചവര്‍ പുക ശ്വസിച്ചും വെന്തുമരിക്കുകയുമായിരുന്നു.
അതിനിടെ ചൊവ്വാഴ്ച എംപി ഷഫീഖുള്‍ ഇസ്ലാം ഷിമുലിന്റെ വീടിന് ആള്‍ക്കൂട്ടം തീയിട്ടതിനെ തുടര്‍ന്ന് നാല് പേര്‍ മരിച്ചു.വീടിന്റെ പല മുറികളിലും ബാല്‍ക്കണിയിലും മേല്‍ക്കൂരയിലുമായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അവാമി ലീഗിന്റെ യുവജന വിഭാഗമായ ജുബോ ലീഗിന്റെ രണ്ട് നേതാക്കളുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തി.കൊല്ലപ്പെട്ട രണ്ടുപേരില്‍ ജുബ നേതാവ് മുഷിഫ്ക്വര്‍ റഹീമിന്റെ മൃതദേഹം സോനാഗാസി ഉപസിലയിലെ പാലത്തിനടിയില്‍ നിന്നാണ് കണ്ടെടുത്തത്.
ബോഗ്രയില്‍ രണ്ട് ജുബോ ലീഗ് നേതാക്കളെ ആള്‍ക്കൂട്ടം വെട്ടിക്കൊന്നു. ലാല്‍മോനിര്‍ഘട്ടില്‍ ജനക്കൂട്ടം കത്തിച്ച ജില്ലാ അവാമി ലീഗ് ജോയിന്റ് സെക്രട്ടറി സുമന്‍ ഖാന്റെ വീട്ടില്‍ നിന്ന് ആറ് മൃതദേഹങ്ങള്‍ നാട്ടുകാര്‍ കണ്ടെടുത്തു.
ഷെയ്ഖ് ഹസീനയുടെ രാജിയും തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള പലായനത്തിനും പിന്നാലെ ബംഗ്ലാദേശ് കലുഷിതമായി തുടരുകയാണ്.ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ നൂറുകണക്കിന് ഹിന്ദുവീടുകളും വ്യാപാരസ്ഥാനങ്ങളും ക്ഷേത്രങ്ങളും കത്തിനശിപ്പിക്കപ്പെട്ടു. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ട സാഹചര്യത്തില്‍ രൂപീകരിക്കുന്ന ഇടക്കാല സര്‍ക്കാറിനെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും . പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി ജോയ്‌നല്‍ ആബിദീനാണ് ഇക്കാര്യം അറയിച്ചത്. സൈനിക പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപവത്കരണം.