Connect with us

Kollam

നീർപക്ഷികളുടെ എണ്ണത്തിൽ 29 ശതമാനം വർധന

സെൻസസിൽ കണ്ടെത്തിയത് 7,592 പക്ഷികളെ

Published

|

Last Updated

കൊല്ലം | കൊല്ലത്ത് നീർപക്ഷികളുടെ എണ്ണത്തിൽ 29 ശതമാനം വർധനവെന്ന് ഈ വർഷത്തെ ഏഷ്യൻ നീർപ്പക്ഷി സെൻസസ്. നീർപക്ഷി ഇനങ്ങളുടെ എണ്ണത്തിൽ 25 ശതമാനവും വർധനവുണ്ടായി. ജില്ലയിലെ 11 നീർത്തടങ്ങളിൽ നിന്ന് 69 ഇനങ്ങളിൽപ്പെട്ട 7,592 പക്ഷികളെയാണ് കണ്ടെത്തിയത്. 2021ൽ ഇത് 55 ഇനങ്ങളിൽനിന്ന് 5879 ആയിരുന്നു. സെൻസസിന് കേരള വനം വന്യജീവി വകുപ്പിൻ്റെ സാമൂഹ്യ വനവത്കരണ വിഭാഗവും ഡബ്യു ഡബ്ല്യു എഫ് – ഇന്ത്യയും നേതൃത്വം നൽകി.

പോളച്ചിറ ഏലായിൽ 37 ഇനങ്ങളിൽ നിന്നായി 2,188 പക്ഷികളെ കണ്ടെത്തി. ചിറ്റുമല ചിറയിൽ 32 ഇനങ്ങളിൽനിന്ന് 1,244 നീർപക്ഷികളെ കണ്ടെത്തി. അഴീക്കൽ കടപ്പുറവും സമീപ തുറമുഖവും 430 ചിന്നമുണ്ടികൾ, 300 കൃഷ്ണപ്പരുന്തുകൾ, 120 കിന്നരി നീർക്കാക്കകൾ, 34 പച്ചക്കാലികൾ എന്നിവയാൽ സമ്പന്നമായിരുന്നു.
വെള്ളനാതുരുത്തിൽ ദേശാടകരും തീരപ്പക്ഷികളുമായ 60 മംഗോളിയൻ മണൽക്കോഴികൾ, അഞ്ച് വലിയ മണൽക്കോഴികൾ, 30 വലിയ കടലാളകൾ, 75 തിരക്കാടകൾ എന്നിവയെ കണ്ടെത്തി. മൺറോതുരുത്തിൽ 14 പാതിരാ കൊക്കുകളെ മാത്രമാണ് കണ്ടെത്തിയത്.

ഗോകുലം മെഡിക്കൽ കോളജ് അസ്സോസിയേറ്റ് പ്രൊഫ. നിർമൽ ജോർജ്, ഡബ്ല്യു ഡബ്ല്യു എഫ് ഇന്ത്യ സീനിയർ വിദ്യാഭ്യാസ ഓഫീസർ ഐ കെ ശിവകുമാർ, സംസ്ഥാന ഡയറക്ടർ രഞ്ജൻ മാത്യൂ വർഗീസ് എന്നിവർ നിരീക്ഷണത്തിന് നേതൃത്വംനൽകി.

ജില്ലയിലെ എല്ലാ തണ്ണീർത്തടങ്ങളിലുമുള്ള ആവാസവ്യവസ്ഥയുടെ ഗുണനിലവാരം കുറയുന്നതായി സെൻസസിൽ കണ്ടെത്തി.

Latest