National
53 കടുവാ സങ്കേതങ്ങളില്‍ 2,967 കടുവകള്‍: കേന്ദ്രം സുപ്രീം കോടതിയിൽ
കടുവകളുടെ സംരക്ഷണത്തിനും അവയുടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനുമായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കേന്ദ്രം
ന്യൂഡല്‍ഹി | 2018-ലെ റിപ്പോര്‍ട്ട് പ്രകാരം 53 കടുവാ സങ്കേതങ്ങളിലായി 2,967 കടുവകള്‍ രാജ്യത്തുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. രാജ്യത്തുടനീളം വംശനാശഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് അനുപം ത്രിപാഠി 2017-ല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രം ഇക്കാര്യങ്ങൾ ബോധിപ്പിച്ചത്.
കടുവകളുടെ സംരക്ഷണത്തിനും അവയുടെ ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനുമായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി ജസ്റ്റിസുമാരായ കെ.എം.ജോസഫ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. ത്രിപാഠി ഹാജരാകാത്തതിനാല്‍ കേസ് മാര്‍ച്ചിലേക്ക് മാറ്റി.
2018-ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 53 കടുവ സംരക്ഷണ കേന്ദ്രങ്ങളിലായി 2,967 കടുവകളുണ്ട്. ഈ സംഖ്യ ആഗോള സംഖ്യയുടെ 70 ശതമാനത്തോളം വരും. അതിനാൽ നീതിയുടെ താത്പര്യം കണക്കിലെടുത്ത് പരാതിക്കാരന് അവസരം നൽകാനായി കേസ് മാർച്ച് മൂന്നിന് പരിഗണിക്കാൻ മാറ്റുന്നു – ബെഞ്ച് വ്യക്തമാക്കി.
കടുവാ സങ്കേതങ്ങള്‍ക്ക് സമീപം താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ പരിസ്ഥിതി മന്ത്രാലയത്തിനും ദേശീയ വന്യജീവി സംരക്ഷണ അതോറിറ്റിക്കും ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കും 2017-ല്‍ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.