National
2 ജി സ്പെക്ട്രം അഴിമതി: മുന്‍ സിഎജി വിനോദ് റായിക്കെതിരെ ഡിഎംകെ കോടതിയിലേക്ക്
മാനനഷ്ട കേസ് ഫയല്‍ ചെയ്യണമെന്ന അഭിപ്രായങ്ങള്‍ക്കിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ എംകെ സ്റ്റാലില്‍ നാളെ ഡിഎംകെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ചെന്നൈ| രണ്ടാം യുപിഎ സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്ന 2 ജി സ്പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ സിഎജി വിനോദ് റായിക്കെതിരെ ഡിഎംകെ കോടതിയെ സമീപിച്ചേക്കും. വിനോദ് റായിക്കെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യാനാണ് ഡിഎംകെ നീക്കം. സ്‌പെക്ട്രം അഴിമതി കേസില്‍ ഡിഎംകെ നേതാക്കളായ എ രാജയും കനിമൊഴിയും പ്രതികളാണ്. മാനനഷ്ട കേസ് ഫയല്‍ ചെയ്യണമെന്ന അഭിപ്രായങ്ങള്‍ക്കിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ എംകെ സ്റ്റാലില്‍ നാളെ ഡിഎംകെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
2 ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമിനോട് വിനോദ് റായ് കഴിഞ്ഞ ദിവസം നിരുപാധികം മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് ഡിഎംകെയും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സിഎജി റിപ്പോര്‍ട്ടില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പേര് ഉള്‍പ്പെടുത്താതിരിക്കാന്‍ കോണ്‍ഗ്രസ് എംപിയായിരുന്ന സഞ്ജയ് നിരുപം സമ്മര്‍ദ്ദം ചെലുത്തിയെന്നായിരുന്നു 2014 ല്‍ വിനോദ് റായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞത്. ഇതിനെതിരെ സഞ്ജയ് നിരുപം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
തന്റെ ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നാണ് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിനോദ് റായ് ഒടുവില്‍ സമ്മതിച്ചത്. 2015 ല്‍ മാനനഷ്ടക്കേസ് നല്‍കിയതിന് ശേഷം വിനോദ് റായ് തന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാല്‍ നിരുപാധികം മാപ്പ് എന്ന ആവശ്യത്തില്‍ താന്‍ ഉറച്ച് നില്‍ക്കുകയായിരുന്നുവെന്നും സഞ്ജയ് നിരുപം പ്രതികരിച്ചു.