Kasargod
മഞ്ചേശ്വരത്ത് മൂന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട; ഒരാള്‍ കസ്റ്റഡിയില്‍
മയക്കുമരുന്ന് പിടിച്ചെടുത്തത് പത്വാടി കൊണ്ടാവൂരിലെ ഒരു വീട്ടില്‍ നിന്ന്. അസ്‌കര്‍ അലി എന്നയാള്‍ കസ്റ്റഡിയില്‍.
ഉപ്പള (കാസര്‍കോട്) | കാസര്‍കോട്ട് വന്‍ മയക്കുമരുന്ന് വേട്ട. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പളയിലാണ് മൂന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടിയത്. പത്വാടി കൊണ്ടാവൂരിലെ ഒരു വീട്ടില്‍ നിന്നാണ് ഇത്രയും മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് അസ്‌കര്‍ അലി എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹാര്‍ഡ്ബോഡ് പെട്ടികളിലായി സൂക്ഷിച്ച മൂന്ന് കിലോയോളം എം ഡി എം എയും ഒരു കിലോ കഞ്ചാവുമാണ് കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുള്ള ലഹരിമരുന്നും നിരവധി ലഹരിഗുളികകളും കൂട്ടത്തിലുണ്ട്.
ബേക്കല്‍ ഡി വൈ എസ് പി. വി വി മനോജിന്റെ നേതൃത്വത്തില്‍ ബേക്കല്‍ സി ഐ. എ സന്തോഷ് കുമാറും സംഘവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തി പിടികൂടിയത്. മേല്‍പ്പറമ്പ് കൈനോത്ത് റോഡില്‍ 49.33 ഗ്രാം എം ഡി എം എയുമായി ആഗസ്റ്റ് 30 ന് പോലീസ് പിടിയിലായ അബ്ദുല്‍റഹീം എന്ന രവിയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനയ്ക്കെത്തിയത്. പോലീസ് സംഘം എത്തുമ്പോള്‍ ഈ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട് അസ്‌കര്‍ അലിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ വീട്ടില്‍ മയക്കുമരുന്നു ശേഖരമുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു.
ഏതാനും വര്‍ഷം മുമ്പ് ഈ വീട് വാങ്ങിയവരാണ് ഇവിടെ മയക്കുമരുന്നു വ്യാപാരം നടത്തിയതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. റെയ്ഡ് തുടരുകയാണെന്നും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.