Kerala
3.94 കോടിയുടെ ക്രമക്കേട; മൈലപ്ര സഹകരണ ബേങ്കിന്റെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യു അറസ്റ്റില്‍
ബേങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടിയുടെ ക്രമക്കേട് നടത്തിയ കേസിലാണ് അറസ്റ്റ്.
പത്തനംതിട്ട | മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ചിന്റെ എക്കണോമിക്‌സ് ഒഫന്‍സ് വിങ് അറസ്റ്റ് ചെയ്തു. ഡിവൈ എസ് പി എം എ അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചൊവാഴ്ച രാവിലെ 11.30ന് അഞ്ചക്കാലായിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി ഉത്തരവിട്ടിട്ടും അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാതെ ഒളിച്ചുകളിക്കുകയായിരുന്നു ജോഷ്വ. മൈലപ്ര സര്‍വീസ് സഹകരണ ബേങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടിയുടെ ക്രമക്കേട് നടത്തിയ കേസിലാണ് അറസ്റ്റ്.
ആഗസ്റ്റ് ഒന്നിന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകാനായിരുന്നു മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ആരോഗ്യപരമായ കാരണങ്ങളും പിതാവിന്റെ മരണവും ചൂണ്ടിക്കാട്ടി നല്‍കിയ അപേക്ഷയില്‍ കോടതി തന്നെ ജോഷ്വയ്ക്ക് സമയം അനുവദിച്ചു. സെപ്റ്റംബര്‍ ഏഴു വരെയായിരുന്നു ഇതിന്റെ കാലാവധി. അന്നും ഹാജരാകാതിരുന്ന ജോഷ്വായുടെ ചികില്‍സാ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇദ്ദേഹത്തിന് കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും ഇതിനോടകം മൂന്നാഴ്ചത്തേക്ക് കൂടി ഹാജരാകാനുള്ള സമയം നീട്ടി നല്‍കി. അന്വേഷണ സംഘത്തിന് മുന്നില്‍ ജോഷ്വാ ഹാജരാകുമ്പോള്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
ക്രൈംബ്രാഞ്ച് ഡിവൈ എസ് പി അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തിലുള്ള സംഘം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് ജോഷ്വാ മാത്യുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്.