Uae
ക്രിപ്‌റ്റോ കറന്‍സിയില്‍ ആഗോള മുന്‍നിരയില്‍ യു എ ഇ ജനസംഖ്യയുടെ 30.4 ശതമാനം ക്രിപ്‌റ്റോ ഉടമകള്‍
ഡിജിറ്റല്‍ കറന്‍സികള്‍ കൈവശം വച്ചിരിക്കുന്നവരുടെ എണ്ണം മൂന്ന് ദശലക്ഷമാണ്.
അബൂദബി | ക്രിപ്‌റ്റോ കറന്‍സി ഉടമകളുടെ അടിസ്ഥാനത്തില്‍ യു എ ഇ ലോകത്ത് ഒന്നാം സ്ഥാനത്ത്. അബൂദബി ഇന്റര്‍റീജ്യണല്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് അനലൈസസ് റിപ്പോര്‍ട്ട് പ്രകാരം യു എ ഇയുടെ മൊത്തം ജനസംഖ്യയുടെ 30.4 ശതമാനം ക്രിപ്‌റ്റോ കറന്‍സി സ്വന്തമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ കറന്‍സികള്‍ കൈവശം വച്ചിരിക്കുന്നവരുടെ എണ്ണം മൂന്ന് ദശലക്ഷമാണ്.
ലോകത്തിലെ ക്രിപ്‌റ്റോ കറന്‍സി വിപണിയുടെ വലിപ്പം 2023-ല്‍ ഏകദേശം 41 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2024-ല്‍ ഇത് 71.7 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2028-ല്‍ ലോകമെമ്പാടുമുള്ള നൂറ് കോടി ഉപയോക്താക്കളില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
ക്രിപ്‌റ്റോ കറന്‍സികളുടെ ഉപയോഗം രാജ്യം കൈക്കൊള്ളുന്ന തന്ത്രപരമായ തീരുമാനങ്ങളിലും സാങ്കേതികവിദ്യയുടെ നവീകരണത്തിലുമുള്ള പ്രതിബദ്ധതയ്ക്കുള്ളില്‍ വരുന്നതാണ്. 93 ദശലക്ഷം ആളുകളുള്ള ക്രിപ്‌റ്റോ കറന്‍സി ഉടമകളുമായി ഇന്ത്യ ഒന്നാമതും 59 ദശലക്ഷം ആളുകളുമായി ചൈന രണ്ടാം സ്ഥാനത്തും 52 ദശലക്ഷം ആളുകളുള്ള യു എസ് മൂന്നാമതുമായതായി ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു. 22.1 ശതമാനം ക്രിപ്‌റ്റോ കറന്‍സികള്‍ കൈവശം വച്ചിരിക്കുന്ന വിയത്‌നാം രണ്ടാം സ്ഥാനത്തും 15.6 ശതമാനം യുഎസ് മൂന്നാം സ്ഥാനത്തുമാണ്. ഇറാന്‍ (13.5), ഫിലിപ്പൈന്‍സ് (13.4), ബ്രസീല്‍ (12), സഊദി അറേബ്യ (12), സിംഗപ്പൂര്‍ (11.1) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള വിഹിതം.
യു എ ഇയില്‍ സെന്‍ട്രല്‍ ബേങ്കും ദുബൈ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോറിറ്റിയുമാണ് ഡിജിറ്റല്‍ കറന്‍സികളുടെ ലൈസന്‍സിംഗിന് മേല്‍നോട്ടം വഹിക്കുന്ന രണ്ട് പ്രധാന റെഗുലേറ്ററി ബോഡികള്‍.