Connect with us

National

ഉന്നതരുടെ ഫയലുകളില്‍ അനുകൂല നടപടിയെടുക്കാന്‍ മുന്നൂറ് കോടി വാഗ്ദാനം; വെളിപ്പെടുത്തലുമായി സത്യപാല്‍ മാലിക്ക്

കോഴ വാഗ്ദാനം താന്‍ നിരാകരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നിലപാടിനെ പിന്തുണച്ചുവെന്നും മാലിക്ക് പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| അംബാനിയുമായും ആര്‍എസ്എസ് ബന്ധമുള്ള ഒരു വ്യക്തിയുമായും ബന്ധപ്പെട്ട ഫയലുകളില്‍ അനുകൂല തീരുമാനമെടുക്കുന്നതിന് മുന്നൂറ് കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തിരുന്നതായി മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. എന്നാല്‍ ഈ കോഴ വാഗ്ദാനം താന്‍ നിരാകരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നിലപാടിനെ പിന്തുണച്ചുവെന്നും മാലിക്ക് പറഞ്ഞു. രാജസ്ഥാനിലെ ജൂന്‍ജുനുവില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മാലിക് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

കശ്മീരില്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം അനുമതിക്കായി രണ്ടു ഫയലുകള്‍ തന്റെ മുന്നിലെത്തി. ഒന്ന് അംബാനിയുടെ കമ്പനിയുമായി ബന്ധപ്പെട്ട ഫയല്‍ ആയിരുന്നു. മറ്റൊന്ന് പ്രധാനമന്ത്രിയുടെ അടുത്ത ആളെന്ന് അവകാശപ്പെടുന്ന, മുന്‍ പിഡിപി-ബിജെപി മന്ത്രിസഭയില്‍ അംഗമായിരുന്ന വ്യക്തിയുടേതായിരുന്നു. ഈ രണ്ട് പദ്ധതികളുമായും ബന്ധപ്പെട്ട് അഴിമതിയുണ്ടെന്ന് വകുപ്പ് സെക്രട്ടറിമാരില്‍നിന്ന് മനസ്സിലാക്കാന്‍ സാധിച്ചു. അതുപ്രകാരം താന്‍ അനുമതി നിഷേധിക്കുകയും പദ്ധതി റദ്ദാക്കുകയും ചെയ്തു. പദ്ധതി നടപ്പാക്കാന്‍ കൂട്ടുനിന്നാല്‍ ഒരു പദ്ധതിക്ക് 150 കോടി വെച്ച് കിട്ടുമെന്ന് സെക്രട്ടറിമാര്‍ പറഞ്ഞു. എന്നാല്‍, ഞാന്‍ ഇവിടെ വന്നിട്ടുള്ളത് അഞ്ച് ജോഡി കുര്‍ത്ത-പൈജാമയുമായി ആണെന്നും തിരിച്ചുപോകുന്നതും അങ്ങനെതന്നെ ആയിരിക്കുമെന്നും സെക്രട്ടറിമാരോട് പറഞ്ഞതായും മാലിക് വ്യക്തമാക്കി.

ഈ അഴിമതി നീക്കങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി മോദിയെ കണ്ട് വിശദീകരിച്ചതായും മാലിക് വ്യക്തമാക്കി. അഴിമതിക്കായി പ്രധാനമന്ത്രിയുടെ പേര് ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാന്‍ താന്‍ തയ്യാറാണെന്നും സ്ഥാനത്ത് തുടരുകയാണെങ്കില്‍ ഈ ഫയലുകള്‍ക്ക് അനുമതി നല്‍കില്ലെന്നും പ്രധാനമന്ത്രിയോട് തുറന്ന് പറഞ്ഞു. തന്റെ നിലപാടിനെ മോദി പ്രകീര്‍ത്തിക്കുകയും അഴിമതിയോട് ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയും നടത്തേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തെന്നും മാലിക് വ്യക്തമാക്കി.

അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ഫയലാണ് മാലിക് പരാമര്‍ശിച്ചത്. സര്‍ക്കാരുമായി ചേര്‍ന്നുള്ള ഈ പദ്ധതിയില്‍ ചില അഴിമതികള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഈ പദ്ധതി റദ്ദാക്കിയിരുന്നു. കര്‍ഷക സമരം തുടരുകയാണെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെക്കാനും കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളാനും താന്‍ തയ്യാറാണെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു. നിലവില്‍ മേഘാലയയിലെ ഗവര്‍ണറാണ് സത്യപാല്‍ മാലിക്.

 

Latest