National
വനിതകള്‍ക്ക് മാസംതോറും 3000 രൂപ; അസമില്‍ അധികാരത്തിലെത്തിയാല്‍ 'നാ ലക്ഷ്മി' പദ്ധതി നടപ്പാക്കുമെന്ന് കോണ്‍ഗ്രസ്സ്
നിലവിലുള്ള 'ഒരുണോദോയി' പദ്ധതിക്ക് പകരമാണ് 'നാ ലക്ഷ്മി' പദ്ധതി നടപ്പിലാക്കുക.

ഗുവാഹത്തി | വനിതകള്‍ക്ക് എല്ലാ മാസവും ഒമ്പതാം തിയ്യതി 3000 രൂപ നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനവുമായി അസം കോണ്‍ഗ്രസ്സ്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ വനിതകള്‍ക്ക് ഈ നേട്ടമുണ്ടാക്കുന്ന ‘നാ ലക്ഷ്മി’ പദ്ധതി നടപ്പിലാക്കും. നിലവിലുള്ള ‘ഒരുണോദോയി’ പദ്ധതിക്ക് പകരമായിരിക്കും ഇത്. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഭൂപന്‍ ബോറയാണ് ഇക്കാര്യമറിയിച്ചത്.
ബി ജെ പിയില്‍ ചേരുന്നവര്‍ക്ക് മാത്രം ഗുണഫലം ലഭിക്കുന്നതാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ച ‘ഒരുണോദോയി 3.0’ എന്ന പദ്ധതിയെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. 37.2 ലക്ഷം പേര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
എന്നാല്‍, മൊത്തം ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ളതല്ല ഇതെന്നും അസമിലെ ബി ജെ പി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഗുണം നല്‍കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും കോണ്‍ഗ്രസ്സ് പ്രതികരിച്ചു. 12,600 തൊഴിലവസരങ്ങള്‍ക്ക് 32 ലക്ഷം പേരാണ് അപേക്ഷിക്കുന്നത്. നിരവധി പേര്‍ അവസരം ലഭിക്കാതെ പിന്തള്ളപ്പെടും.