Uae
അൽ ഐനിൽ 3,000 വർഷം പഴക്കമുള്ള സെമിത്തേരി കണ്ടെത്തി
ഡി സി ടിയുടെ പുരാവസ്തു വിഭാഗം നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ.

അബൂദബി| ഇരുമ്പുയുഗത്തിലെ സെമിത്തേരി അൽ ഐൻ മേഖലയിൽ കണ്ടെത്തിയതായി അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പ് (ഡി സി ടി) പ്രഖ്യാപിച്ചു. യു എ ഇയിലെ ഇത്തരത്തിലുള്ള ആദ്യത്തെ കണ്ടെത്തലാണിത്. ഏകദേശം 3,000 വർഷം പഴക്കമുള്ള ഈ നെക്രോപോളിസിൽ 100-ലധികം ശവകുടീരങ്ങൾ ഉണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഡി സി ടിയുടെ പുരാവസ്തു വിഭാഗം നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. ഇത് പുരാതന എമിറേറ്റുകളുടെ ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ മാറ്റിമറിക്കുമെന്നും 3,000 വർഷങ്ങൾക്ക് മുമ്പുള്ള ജനങ്ങളുടെ ജീവിതത്തിലേക്ക് വാതിൽ തുറക്കുന്നുവെന്നും വകുപ്പിലെ ചരിത്ര പരിസ്ഥിതി ഡയറക്ടർ ജാബർ സാലിഹ് അൽ മർറി പറഞ്ഞു.
ശവകുടീരങ്ങൾ കൊള്ളയടിക്കപ്പെട്ടവയാണെങ്കിലും സ്വർണാഭരണങ്ങൾ, മൺപാത്രങ്ങൾ, ചെമ്പ്-അലോയ് ആയുധങ്ങൾ, കൊത്തുപണികൾ എന്നിവയുൾപ്പെടെ ഉയർന്ന കരകൗശല വൈദഗ്ധ്യം പ്രകടമാക്കുന്ന ശവസംസ്‌കാര വസ്തുക്കൾ കണ്ടെത്തി. മനുഷ്യാവശിഷ്ടങ്ങൾ ദുർബലമാണ്. പുരാവസ്തു ഫോറൻസിക് ഗവേഷകർ ഇവ ശ്രദ്ധയോടെ വിശകലനം നടത്തുന്നുണ്ട്. ഇരുമ്പുയുഗത്തിന്റെ ശവസംസ്‌കാര പാരമ്പര്യങ്ങൾ ഇതുവരെ ഒരു നിഗൂഢതയായിരുന്നു. ഡിഎൻഎ വിശകലനം കുടുംബ ബന്ധങ്ങളെയും കുടിയേറ്റ ചലനങ്ങളെയും സാമൂഹിക, സാംസ്‌കാരിക ചലനാത്മകതയെയും കുറിച്ച് കൂടുതൽ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
2024-ൽ ആരംഭിച്ച “ഫ്യൂണററി ലാൻഡ്സ്‌കേപ്സ് ഓഫ് അൽ ഐൻ’ പദ്ധതിയുടെ ഭാഗമാണ് ഈ കണ്ടെത്തൽ. യുനെസ്‌കോ ലോക പൈതൃക സ്ഥലമായ അൽ ഐനിന്റെ സാംസ്‌കാരിക പ്രാധാന്യത്തെ ഈ കണ്ടെത്തൽ കൂടുതൽ ഉയർത്തിക്കാട്ടുന്നു.
2024-ൽ ആരംഭിച്ച “ഫ്യൂണററി ലാൻഡ്സ്‌കേപ്സ് ഓഫ് അൽ ഐൻ’ പദ്ധതിയുടെ ഭാഗമാണ് ഈ കണ്ടെത്തൽ. യുനെസ്‌കോ ലോക പൈതൃക സ്ഥലമായ അൽ ഐനിന്റെ സാംസ്‌കാരിക പ്രാധാന്യത്തെ ഈ കണ്ടെത്തൽ കൂടുതൽ ഉയർത്തിക്കാട്ടുന്നു.
---- facebook comment plugin here -----