National
ദയൂബന്ദ് ദാറൂൽ ഉലൂം ഉൾപ്പെട 307 മദ്റസകൾ നിയമവിരുദ്ധമെന്ന് യു പി സർക്കാർ
ദാറുൽ ഉലൂം ഒരു സർക്കാരിൽ നിന്നും ഒരു തരത്തിലുള്ള സഹായമോ ഗ്രാന്റോ വാങ്ങിയിട്ടില്ലെന്ന് വൈസ് ചാൻസലർ മുഫ്തി അബുൽ ഖാസിം നൊമാനി
ലക്നോ | രാജ്യത്തെ പ്രമുഖ മുസ്‍ലിം കലാലയമായ ദയൂബന്ദിലെ ദാറുൽ ഉലൂം ഉൾപ്പെടെ 307 മദ്റസകൾ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച് യു പി സർക്കാർ. സർക്കാർ നടത്തിയ സർവേയിലാണ് ദയൂബന്ദിന് അംഗീകാരമില്ലെന്ന് കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സഹാറൻപൂർ ജില്ലാ ഭരണകൂടം പുറത്തിറക്കിയ 307 നിയമവിരുദ്ധ മദ്റസകളുടെ പട്ടികയിലാണ് ദാറുൽ ഉലൂമും ഉൾപ്പെട്ടത്.
ദാറുൽ ഉലൂം നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ സ്ഥാപനത്തിന് ൽകിവരുന്ന സ്കോളർഷിപ്പും മറ്റു പദ്ധതികളും പിൻവലിച്ചതായും സഹാറൻപൂർ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ ഭരത് ലാൽ ഗോണ്ട് പറഞ്ഞു. സർക്കാർ 12 പോയിന്റുകൾ നിശ്ചയിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മദ്രസകളുടെ സർവേ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സഹാറൻപൂരിൽ ആകെ 754 മദ്രസകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ദാറുൽ ഉലൂം ഒരു സർക്കാരിൽ നിന്നും ഒരു തരത്തിലുള്ള സഹായമോ ഗ്രാന്റോ വാങ്ങിയിട്ടില്ലെന്ന് വൈസ് ചാൻസലർ മുഫ്തി അബുൽ ഖാസിം നൊമാനി പ്രസ്താവനയിൽ അറിയിച്ചു. സ്ഥാപനം ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ഇന്ത്യൻ ഭരണഘടനയനുസരിച്ചുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദാറുൽ ഉലൂമിന്റെ ശൂറാ സൊസൈറ്റി സൊസൈറ്റീസ് ആക്ട് പ്രകാരമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഭരണഘടന പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിനുള്ള അവകാശം അനുസരിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും നൊമാനി പറഞ്ഞു.
1866 സെപ്തംബർ 30 നാണ് സഹരൻപൂരിലെ ദയൂബന്ദിൽ ദാറുൽ ഉലൂം സ്ഥാപിതമായത്.