Connect with us

International

ഗസ്സയിൽ 32 പേർ കൊല്ലപ്പെട്ടു; ആശുപത്രിക്കും സ്‌കൂളിനും നേരെ ആക്രമണം

ആശുപത്രി ഇസ്‌റാഈൽ സൈന്യം വളഞ്ഞിരിക്കുകയാണ്

Published

|

Last Updated

ഗസ്സ സിറ്റി | ഗസ്സയിൽ ഇസ്‌റാഈൽ നടത്തിയ ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ ഭാഗികമായി പ്രവർത്തിക്കുന്ന കമാൽ അദ്‌വാൻ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ആശുപത്രി ഇസ്‌റാഈൽ സൈന്യം വളഞ്ഞിരിക്കുകയാണ്.
തൊട്ടടുത്തുള്ള അൽ ഔദ ആശുപത്രിക്ക് നേരെയും ആക്രമണം നടന്നതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഭയാർഥി കേന്ദ്രമായി പ്രവർത്തിക്കുന്ന യു എൻ നിയന്ത്രിത സ്‌കൂളിന് നേരെ നടന്ന ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ തന്നെ മറ്റൊരു ആക്രമണത്തിൽ നാല് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു. മരണത്തോട് മല്ലടിക്കുന്ന നിരവധി പേരുടെ ആശ്രയകേന്ദ്രമായ കമാൽ അദ്‌വാൻ ആശുപത്രി ഉടൻ ഒഴിപ്പിക്കണമെന്നാണ് ഇസ്‌റാഈൽ സൈന്യം ഉത്തരവിട്ടിരിക്കുന്നതെന്ന് ആശുപത്രി ഡയറക്ടർ ഡോ. ഹുസ്സം അബൂ സഫിയ പറഞ്ഞു.
അതിനിടെ, ഗസ്സയിലെ ആക്രമണങ്ങളെ വിമർശിച്ച് വീണ്ടും ഫ്രാൻസിസ് മാർപാപ്പ രംഗത്തെത്തി. അങ്ങേയറ്റത്തെ വേദനയോടെ ഗസ്സയെ ഓർക്കുകയാണെന്നും കുട്ടികളെ യന്ത്രത്തോക്കുകളാൽ കൊല്ലുകയാണെന്നും അദ്ദേഹം പ്രതിവാര പ്രാർഥനക്ക് ശേഷം പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഏതാനും ദിവസങ്ങൾക്കകം മാർപാപ്പ ഇത്തരത്തിൽ ഇസ്‌റാഈലിനെ അപലപിക്കുന്നത്.

Latest