Connect with us

Uae

അല്‍ ഖുസൈസ് മേഖലയില്‍ 32 പുതിയ റോഡുകള്‍

വാഹന ശേഷി 200 ശതമാനം വര്‍ധിപ്പിച്ചു. 60,000 നിവാസികള്‍ക്ക് പ്രയോജനം.

Published

|

Last Updated

ദുബൈ | അല്‍ ഖുസൈസ് വ്യാവസായിക മേഖലയില്‍ ദുബൈ ആര്‍ ടി എ റോഡ് വികസന പദ്ധതി പൂര്‍ത്തിയാക്കി. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള വ്യാവസായിക മേഖലയിലാണ് വിപുലമായ മെച്ചപ്പെടുത്തലുകള്‍ നടത്തിയത്. 10 കി മീ ദൈര്‍ഘ്യമുള്ള 32 റോഡുകള്‍ നിര്‍മിക്കുകയും 43,000 മീറ്ററില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതോടെ റോഡിന്റെ ശേഷി ഇപ്പോള്‍ മണിക്കൂറില്‍ 500 മുതല്‍ 1,500 വരെയായി രണ്ട് ദിശകളിലുമായി മൂന്നിരട്ടിയായി വര്‍ധിച്ചു. ഇത് 200 ശതമാനത്തിന്റെ വര്‍ധനയാണ്.

നവീകരണം അമ്മാന്‍, ബെയ്റൂത്ത്, അലെപ്പോ, ദമാസ്‌കസ് എന്നീ നാല് പ്രധാന തെരുവുകളുമായുള്ള റോഡ് ബന്ധം വര്‍ധിപ്പിച്ചതായി ആര്‍ ടി എ എക്സി. ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ പറഞ്ഞു. 320-ലധികം വര്‍ക്ക്‌ഷോപ്പുകള്‍, 25 റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, കടകള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനവും എക്‌സിറ്റ് പോയിന്റുകള്‍ മെച്ചപ്പെടുത്തിയവയില്‍ പെടും. ഇത് പ്രദേശത്തെ 60,000 നിവാസികള്‍ക്ക് പ്രയോജനം ചെയ്യുന്നു.

പൂര്‍ത്തിയാക്കിയ മറ്റു പദ്ധതികള്‍
ലഹ്ബാബ്, മര്‍ഗം, അല്‍-ലിസൈലി, ഹത്ത എന്നീ നാല് റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ 35 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്റേണല്‍ റോഡ്, ലൈറ്റിംഗ് ജോലികളും പൂര്‍ത്തിയാക്കി. സ്‌കൈഡൈവ് ദുബൈക്ക് സമീപം അല്‍ ഐന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അഞ്ച് കി മീ ഏരിയയില്‍ റോഡ് പ്രവൃത്തി നടന്നു. ആ പ്രദേശത്ത് താമസിക്കുന്ന 1,100-ലധികം ആളുകള്‍ക്ക് ഈ പദ്ധതി പ്രയോജനമാവും. ലഹ്ബാബ് പ്രദേശത്ത്, നാല് കി മീ നീളമുള്ള റോഡുകള്‍ നിര്‍മിച്ചു. 3,000-ത്തിലധികം ആളുകള്‍ ഈ പ്രദേശത്ത് താമസിക്കുന്നു.

അല്‍ ലിസൈലി മേഖലയില്‍ ഏകദേശം ഏഴ് കി മീറ്ററാണ് നവീകരിച്ചത്. ലാസ്റ്റ് എക്സിറ്റിന് സമീപത്തുള്ള സൈഹ് അല്‍ സലാം ഏരിയയിലും ഏഴ് കിലോ മീറ്ററിലധികം ദൈര്‍ഘ്യമുള്ള അല്‍ ഖുദ്്‌റ തടാകങ്ങളിലും ലൈറ്റിംഗ് ജോലികളും നടപ്പാക്കി. ആ പ്രദേശത്ത് താമസിക്കുന്ന ഏകദേശം 2,900 ആളുകള്‍ക്ക് ഇത് സേവനം നല്‍കുന്നു.

ഹത്ത മേഖലയില്‍ സുഹൈല പ്രദേശത്ത് രണ്ട് കി മീ ദൈര്‍ഘ്യമുള്ള റോഡുകള്‍ നടപ്പിലാക്കി. മഴവെള്ള ശൃംഖല, തെരുവ് വിളക്കുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടുത്തെ ആറായിരത്തോളം ആളുകള്‍ക്ക് പ്രയോജനപ്പെടും.

 

Latest