Connect with us

welfare pension

ആഘോഷ നാളുകളില്‍ കൈകളില്‍ എത്തുന്നത് 3200 രൂപ; ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് റമദാന്‍-വിഷു ആഘോഷ ദിനങ്ങളില്‍ ക്ഷേമ പെന്‍ഷന്‍കാരുടെ കൈകളില്‍ എത്തുന്നത് 3200 രൂപ വീതം. പെന്‍ഷന്‍ രണ്ടു ഗഡുക്കല്‍ ഒരുമിച്ച് നാളെ അര്‍ഹരുടെ കൈകളിലെത്തും.

62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന അവഗണനക്കെതിരെ കേരളം കോടതി നടപടികളിലേക്കു കടന്നതോടെയാണ് അര്‍ഹമായ വിഹിതത്തില്‍ നിന്നു പണം നല്‍കാന്‍ കേന്ദ്രം തയ്യാറായത്. ഇതോടെയാണ് പെന്‍ഷന്‍ വിതരണം അടക്കമുള്ള നടപടികള്‍ സുഗമമായത്. പെന്‍ഷന്‍ മുടങ്ങിയത് പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിച്ചച്ചട്ടിയുമായി പലരും സമരത്തിനിറക്കിയതോടെ പെന്‍ഷന്‍ മുടങ്ങിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

62 ലക്ഷം പേര്‍ക്കാണ് 1600 രൂപവീതമുള്ള പെന്‍ഷന്‍ നേരിട്ടു വീടുകളില്‍ എത്തിക്കുന്നത്. നേരത്തെ 600 രൂപയുണ്ടായിരുന്ന പെന്‍ഷന്‍ 1600 രൂപയായി ഉയര്‍ത്തിയതോടെ മാസം 1000 കോടിരൂപയാണ് പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായി വരുന്നത്. പെന്‍ഷന്‍ ഫണ്ടിലേക്ക് ധന സമാഹരണത്തിന് രണ്ടു രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതും വലിയ സമരത്തിനു കാരണമായിരുന്നു. അര്‍ഹരായവരുടെ കൈകളില്‍ ആഘോഷ നാളുകളില്‍ പണം എത്തുന്നത് ലോകസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇടതു മുന്നണിക്കും ആഹ്ലാദം പകരുന്നതാണ്.

 

 

Latest