Kerala
ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളുടെ കിടപ്പാടം പണയപ്പെടുത്തി 34 ലക്ഷം തട്ടി
ഡി ഇ ഒയും വനം വകുപ്പ് ഉദ്യോഗസ്ഥനും പ്രതികള്‍

പത്തനംതിട്ട | ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വിധവയെയും മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധ മാതാവിനെയും കബളിപ്പിച്ച് കിടപ്പാടം പണയപ്പെടുത്തി ഡി ഇ ഒയും വനം വകുപ്പ് ഉദ്യോഗസ്ഥനും അടങ്ങുന്ന സംഘം 34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. അടൂര്‍ കരുവാറ്റ പൂങ്ങോട്ട് മാധവത്തില്‍ എസ് വിജയശ്രീ(44)യാണ് പരാതിക്കാരി. ഇവർ പത്രസമ്മേളനം നടത്തിയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. 2012ല്‍ വിജയശ്രീ അടൂര്‍ ഗവ.ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴാണ് സംഭവം.
ആശുപത്രി ചെലവിനും തുടര്‍ ചികിത്സക്കും പണമില്ലാതിരുന്ന സാഹചര്യത്തിലാണ് പ്രതികള്‍ സഹായവാഗ്ദാനവുമായി ഇവരെ സമീപിക്കുന്നത്. വസ്തുവിന്റെ ആധാരം തരാമെങ്കില്‍ പണയപ്പെടുത്തി ചികിത്സക്ക് ആവശ്യമായ ഒന്നര ലക്ഷം രൂപ ഏനാത്ത് സഹകരണ ബേങ്കില്‍ നിന്നും തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. അയല്‍വാസിയും സഹോദര തുല്യനുമായ കരുവാറ്റാ ഗീതാഭവനില്‍ ഷാജി കുമാര്‍, ഇയാളുടെ സുഹൃത്ത് കടമ്പനാട് മണ്ണടി കണിയാക്കോണത്ത് തെക്കേതില്‍ എസ് ശ്രീനി, ഇയാളുടെ സഹോദരി ചേര്‍ത്തല വിദ്യാഭ്യാസ ജില്ലാ ഡി ഇ ഒ ശ്രീകല, മാതാവ് ചിറ്റ എന്നിവര്‍ ചേര്‍ന്നായിരുന്നു വസ്തു പണയപ്പെടുത്തിയതെന്ന് വിജയശ്രീ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആശുപത്രി കിടക്കയില്‍ വിജയശ്രീയെ കാണാനെത്തിയ സംഘത്തെപ്പറ്റി യാതൊരു സംശയവും അന്ന് തോന്നിയില്ല. കാരണം ഷാജി കുമാര്‍ സി പി എം പ്രവര്‍ത്തകനും അടൂര്‍ നഗരസഭാ കരുവാറ്റാ വാര്‍ഡ് കൗണ്‍സിലറും എനാത്ത് സഹകരണബാങ്ക് ഭരണസമിതി അംഗവുമായിരുന്നു. തന്റെയും മാതാവ് ശ്രീദേവി കുഞ്ഞമ്മയുടെയും ഉടമസ്ഥതയിലുള്ള 78 സെന്റ് സ്ഥലം പണയപ്പെടുത്താനായി വിജയശ്രീ സമ്മതിച്ചതോടെ അവര്‍ ചില പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങി. തുടര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്ന മാതാവ് ശ്രീദേവി കുഞ്ഞമ്മയെ സമീപിച്ച സംഘം അവരില്‍ നിന്നും ആധാരം വാങ്ങിയ ശേഷം ചില പേപ്പറില്‍ ഒപ്പിട്ട് വാങ്ങിച്ചു. എന്നാല്‍ പിന്നീട് ഇവരെപ്പറ്റി യാതൊരു വിവരവും ഉണ്ടായില്ല. ബേങ്കില്‍ ആധാരം പണയപ്പെടുത്തിയ വകയില്‍ ഒരു ചില്ലിക്കാശും വിജയശ്രീക്ക് ലഭിച്ചുമില്ല. ആശുപത്രി വാസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ശേഷം പല തവണ ആധാരം തിരികെ നല്‍കണമെന്ന് വിജയശ്രീ ആവശ്യപ്പെട്ടു. വൈകാതെ തരാമെന്ന് പറഞ്ഞ് ഓരോ തവണയും പ്രതികള്‍ തടിതപ്പി. 2014ല്‍ വിജയശ്രീയുടെ വീട്ടില്‍ ബേങ്ക് വക ജപ്തിനോട്ടീസ് എത്തി. മുതലും പലിശയും അടക്കം 34 ലക്ഷം തിരികെ അടച്ചില്ലെങ്കില്‍ ഭൂമി ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. ഇത് അന്വേഷിച്ചപ്പോഴാണ് രണ്ട് തരണയായി പ്രതികള്‍ ആധാരം പണയപ്പെടുത്തി 34 ലക്ഷം രൂപാ വായ്പ്പയെടുത്തതായി വ്യക്തമായത്.
തുടര്‍ന്ന് വിജയശ്രീ, കേരളാ കാരുണ്യാ ഭിന്നശേഷി അസോസിയേഷന്റെ സഹായത്തോടെ അടൂര്‍ ഡി വൈ എസ് പിക്കും അടൂര്‍ കോടതിയിലും പരാതി നല്‍കി. ഇരുകൂട്ടരുടെയും വാദം കേട്ട കോടതി 2016ല്‍ വിജയശ്രീക്ക് ഉണ്ടായ നഷ്ടം പരിഹരിച്ച് നല്‍കണമെന്നും ആധാരം നാല് മാസത്തിനുള്ളില്‍ തിരികെ എടുത്ത് നല്‍കണമെന്നും വിധി പ്രസ്താവിച്ചു. എന്നാല്‍ പ്രതികള്‍ ഇതിന് തയ്യാറായില്ല. ഇതിനിടെ പ്രധാന പ്രതിയായ ഷാജി കുമാറിന് വനം വകുപ്പില്‍ ജോലി ലഭിച്ചു. പ്രതികളുമായി നേരില്‍ കണ്ട് പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇതോടെ പരാജയപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുമ്പോഴാണ് കഴിഞ്ഞ മാസം കോടതി ഉത്തരവിനെ മറികടന്ന് എനാത്ത് കേരളാ ബാങ്ക് മാനേജര്‍ അജിതാ മധു, മുതലും പലിശയും ചേര്‍ത്ത് 54 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ജപ്തി നോട്ടീസ് അയച്ചത്.
പ്രതികളെ ബേങ്കിൻ്റെ ആദ്യ മാനേജര്‍ പ്രഭാകരന്‍ നായരും ഏനാത്ത് കേരളാ ബേങ്കിന്റെ ഇപ്പോഴത്തെ മാനേജര്‍ അജിതാ മധുവും വഴിവിട്ട് സഹായിച്ചിട്ടുണ്ടെന്ന് വിജയശ്രീ ആരോപിക്കുന്നു. പ്രതികള്‍ തന്റെ വസ്തുവിന്റെ പ്രമാണം ഉപയോഗിച്ച് പലതവണ വായ്പ എടുത്തതായി സൂചനയുണ്ട്. മറ്റൊരാളുടെ പേരിലുള്ള ഭൂമിയുടെ ആധാരം ഉപയോഗിച്ച് പ്രതികള്‍ അനധികൃതമായി പണം തട്ടിയെടുക്കുകയായിരുന്നുവെന്ന കാര്യം നേരത്തേ തന്നെ മാനേജര്‍മാര്‍ക്ക് അറിവുള്ളതാണ്. അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ച് കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് വിജയശ്രീ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ കേരളാ കാരുണ്യാ ഭിന്നശേഷി അസോസിയേഷന്‍ പ്രസിഡന്റ് ജോയി, ടി ആര്‍ വിഷ്ണു, സുലൈമാന്‍ പങ്കെടുത്തു.