Connect with us

siraj explainer

ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരം; അറിയാം ചെനാബ് റെയിൽവേ പാലത്തെക്കുറിച്ച്

359 മീറ്റർ ഉയരം; 1250 കോടി ചെലവ്

Published

|

Last Updated

ഈഫൽ ടവറിന്റെ ഉയരം കണ്ട് അത്ഭുതപ്പെട്ടവരാണ് നാം. എന്നാൽ അതിനേക്കാൾ ഉയരത്തിൽ ഒരു റെയിൽവേ പാലം ഉണ്ടായാലോ? അതും നമ്മുടെ ഇന്ത്യയിൽ. അതെ അതാണ് ചെനാബ് റെയിൽവേ പാലം. ജമ്മുകശ്മീരിലെ റമ്പാൻ ജില്ലയിലെ സങ്കൽധാനിനും റിയാസിക്കും ഇടയിൽ ചെനാബ് നദിക്ക് കുറുകയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ആണിത്. ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി പോലും ഇതിനെ വിശേഷിപ്പിക്കാൻ തുടങ്ങി. രണ്ടുദിവസം മുമ്പ് ഇന്ത്യൻ റെയിൽവേ ഈ പാലത്തിലൂടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. കാശ്മീർ താഴ്‍വരയെ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന പ്രധാന പാതയാകാൻ പോവുന്ന ഉദംപൂർ- ശ്രീനഗർ- ബാരാമുള്ള റെയിൽവേ ലിങ്കിന്റെ ഭാഗമായാണ് പാലം നിർമ്മിച്ചത്.

359 മീറ്റർ ഉയരം; 1250 കോടി ചെലവ്

359 മീറ്റർ ഉയരത്തിലാണ് ചെനാബ് പാലം നിലകൊള്ളുന്നത്. 28,000 കോടി ചെലവിൽ പണിയുന്ന ഉദംപൂർ – ശ്രീനഗർ- ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയുടെ സുപ്രധാന ഭാഗമാണ് ചെനാബ് പാലം. 2017 നവംബറിൽ നിർമാണം ആരംഭിച്ച പാലത്തിന് 1250 കോടി രൂപയാണ് നിർമ്മാണ ചെലവായത്. 1.315 കിലോമീറ്റർ ആണ് പാലത്തിന്റെ നീളം. 17 തൂണുകൾ പാലത്തിനെ താങ്ങി നിർത്തുന്നു.

ഉത്തര റെയിൽവേ ക്കായി അഫ്കോൺസ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് പാലം പണിതത്. ആർച്ച് ബ്രിഡ്ജ് മാതൃകയിലാണ് പാലം. പാലത്തിന്റെ കമാനത്തിന് മാത്രം 467 മീറ്റർ ഉയരം ഉണ്ട്. കോൺക്രീറ്റ് കൊണ്ടും ഉരുക്കു കൊണ്ടും ആണ് പാലം നിർമ്മിച്ചിരിക്കുന്നത്. 28660 മെട്രിക് ടൺ ഒരുക്കാണ് ഈ കൂറ്റൻ പാലത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പാലത്തിന്റെ കരുത്തു കൂട്ടാൻ ആർച്ചിൽ ഉള്ള ഉരുക്ക് പെട്ടികളിൽ കോൺക്രീറ്റ് നിറച്ചിട്ടുണ്ട്.

120 വർഷമാണ് ആയുസ്സ് കണക്കാക്കുന്നത്. മണിക്കൂറിൽ 266 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിനെ വരെ പാലത്തിന് പ്രതിരോധിക്കാൻ ആകും. റിക്ടർ സ്കെയിലിൽ 8 വരെയുള്ള ഭൂകമ്പത്തെയും ഭീകരാക്രമണത്തെയും അതിജീവിക്കാനുള്ള തരത്തിലാണ് നിർമ്മാണം.

മെമു ട്രെയിൻ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായതോടെ വൈകാതെ ഗതാഗതം ആരംഭിച്ചേക്കും. ഇതോടെ ബാരമുള്ളയെയും ശ്രീനഗരിനെയും ജമ്മുമായി ബന്ധിപ്പിക്കുന്ന റൂട്ടിലെ യാത്ര സമയം 7 മണിക്കൂറോളം കുറയും. ചെനാബ് പാലം ഉൾപ്പെടുന്ന പാത ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം ആക്കാനും ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നു.