central govt
കേന്ദ്ര ഫണ്ടിൽ 350 ശതമാനം വർധന; ഗുജറാത്തിലേക്ക് പണമൊഴുക്ക്
ഫണ്ട് അനുവദിച്ചത് സ്വകാര്യ ട്രസ്റ്റുകളും കന്പനികളും മറ്റും വഴി
ന്യൂഡൽഹി | കേന്ദ്ര സർക്കാർ ഗുജറാത്തിലെ വിവിധ ഏജൻസികൾക്ക് നേരിട്ട് കൈമാറ്റം ചെയ്ത ഫണ്ടിന്റെ അനുപാതം 2015ന് ശേഷം 350 ശതമാനം വർധിച്ചതായി സി എ ജി. വിവിധ പദ്ധതികൾ നടപ്പാക്കുന്ന സ്വകാര്യ ട്രസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉൾപ്പെടെ നേരിട്ട് കൈമാറ്റം ചെയ്ത ഫണ്ടിന്റെ കണക്കാണിത്.
സംസ്ഥാന സർക്കാറിന്റെ വാർഷിക ധനക്കണക്കുകളിൽ ഇത് പ്രതിഫലിക്കില്ല.
കഴിഞ്ഞ ദിവസം ഗുജറാത്ത് നിയമസഭയിൽ സി എ ജി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്. 2015- 16 സാമ്പത്തിക വർഷത്തിൽ 2,542 കോടി രൂപയായിരുന്നു ഇത്തരത്തിൽ കൈമാറിയതെങ്കിൽ 2019- 20 കാലഘട്ടത്തിൽ ഇത് 11,659 കോടിയായി ഉയർന്നു. 350 ശതമാനത്തിന്റെ വളർച്ചയാണ് അഞ്ച് വർഷം കൊണ്ടുണ്ടായത്.
സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് 837 കോടി, സ്വകാര്യ അക്കാദമിക് സ്ഥാപനങ്ങൾക്ക് 17 കോടി, ട്രസ്റ്റുകൾക്ക് 79 കോടി, എൻ ജി ഒകൾക്ക് 18.35 കോടി, വ്യക്തികൾക്ക് 1.56 കോടി ഉൾപ്പെടെയാണ് 2019- 20 കാലഘട്ടത്തിൽ കേന്ദ്ര സർക്കാർ ഫണ്ടിൽ നിന്ന് ഗുജറാത്തിൽ നേരിട്ട് നൽകിയത്.
സാമൂഹിക, സാമ്പത്തിക മേഖലകളിലെ വിവിധ പദ്ധതികളുടെ പേരിലാണ് പണം കൈമാറ്റം. പണം കൈമാറുന്നത് സംസ്ഥാന ബജറ്റ് വഴിയോ ട്രഷറി വഴിയോ അല്ലാത്തതിനാൽ ഇതിന്റെ കണക്കുകൾ സംസ്ഥാന വാർഷിക അക്കൗണ്ടുകളിൽ പ്രതിഫലിക്കില്ലെന്ന് സി എ ജി വ്യക്തമാക്കി.
സംസ്ഥാന സർക്കാറിന്റെയും കേന്ദ്ര സർക്കാറിന്റെയും സംയുക്ത സംരംഭമായ ഗുജറാത്ത് മെട്രോ റെയിൽ കോർപറേഷൻ, പ്രധാൻമന്ത്രി കിസാൻ നിധി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പാർലിമെന്റ്അംഗങ്ങളുടെ വികസന പദ്ധതി, പി എം മുദ്ര യോജന, കേന്ദ്ര- സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലേക്കുള്ള സഹായം തുടങ്ങിയവയും ഫണ്ടിൽ ഉൾപ്പെടുന്നു.