Connect with us

From the print

ഉത്തരാഖണ്ഡില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 മരണം

ഗഢ്വാളിലെ പൗരിയില്‍ നിന്ന് നൈനിറ്റാളിലെ രാംനഗറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇരുനൂറടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 മരണം. അല്‍മോറ ജില്ലയിലെ മര്‍ച്ചുലയില്‍ ഇന്നലെ രാവിലെ 8.25 ഓടെയാണ് അപകടം. ഗഢ്വാളിലെ പൗരിയില്‍ നിന്ന് നൈനിറ്റാളിലെ രാംനഗറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇരുനൂറടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

നിരവധി യാത്രക്കാര്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. മൂന്ന് പേരെ വ്യോമമാര്‍ഗം എയിംസിലേക്ക് മാറ്റി. 43 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഗഢ്വാള്‍ മോട്ടോര്‍ ഓണേഴ്സ് യൂനിയന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണ്. അല്‍മോറ, രാംനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി.

ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും പോലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നില്‍ നിന്നു. പരുക്കേറ്റവര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിര്‍ദേശം നല്‍കി. മജിസ്റ്റീരിയല്‍തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. അല്‍മോര്‍, പൗരി എന്നിവിടങ്ങളിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

മരിച്ചവരുടെ അടുത്ത ബന്ധുവിന് നാല് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുവിന് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.