Kerala
വസ്തുകച്ചവടത്തിന്റെ മറവില്‍ 37.45 ലക്ഷം തട്ടി; മൂന്ന് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം നെടുമങ്ങാട് കോലിയക്കോട് പ്രിയ ഭവനില്‍ പ്രിയ, പാങ്ങോട് സിദ്ദിഖ് മന്‍സിലില്‍ സിദ്ദിഖ്, ആറ്റിങ്ങല്‍ കുന്നുവരം യാദവ് നിവാസില്‍ അനൂപ് എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട | വസ്തുകച്ചവട ഇടപാടുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം നെടുമങ്ങാട് കോലിയക്കോട് പ്രിയ ഭവനില്‍ പ്രിയ (35), തിരുവനന്തപുരം പാങ്ങോട് സിദ്ദിഖ് മന്‍സിലില്‍ സിദ്ദിഖ്(47), ആറ്റിങ്ങല്‍ കുന്നുവരം യാദവ് നിവാസില്‍ അനൂപ്(26) എന്നിവരെയാണ് അടൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
അടൂര്‍ മൂന്നാളം സ്വദേശി ജയചന്ദ്രന്റെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്. ജയചന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തു വാങ്ങാനെന്ന വ്യാജേന 37,45,000 രൂപയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് തട്ടിയെടുത്തത്.
ഒക്ടോബര്‍ ആദ്യത്തില്‍ ഒന്നാം പ്രതി പ്രിയ ജയചന്ദ്രനേയും ഭാര്യയേയും സമീപിച്ച് വസ്തു ഇഷ്ടമായതായി ബോധ്യപ്പെടുത്തിയ ശേഷം, മറ്റൊരു ദിവസം കൂട്ടുപ്രതികളായ സിദ്ധിഖിനെ ഭര്‍ത്താവാണെന്നും അനൂപിനെ മരുമകനാണെന്നും പരിചയപ്പെടുത്തി പരാതിക്കാരുടെ മൂന്നാളത്തെ വീട്ടിലെത്തി കച്ചവടം ഉറപ്പിച്ചു. ഇവിടെ വച്ച് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കുകയും, വില്‍പന കരാര്‍ തയ്യാറാക്കി വസ്തു വാങ്ങാമെന്ന് ദമ്പതികളെ വിശ്വസിപ്പിക്കുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ്, തങ്ങളുടെ പേരില്‍ പറന്തല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബേങ്കില്‍ സ്ഥിരനിക്ഷേപത്തിന്മേല്‍ വായ്പയുണ്ടെന്നും, അത് അടച്ചു തീര്‍ത്താല്‍ മാത്രമേ പുതിയ വായ്പ ലഭിക്കുകയുള്ളൂവെന്നും സംഘം വസ്തു ഉടമയെ അറിയിച്ചു. കൂടാതെ, വായ്പ എത്രയും വേഗം അടച്ചു തീര്‍ക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ട ഇവര്‍, പല തവണകളായി ഗൂളിള്‍ പേ വഴിയും ബേങ്ക് അക്കൗണ്ട് വഴിയും നേരിട്ടും പണമായും 33 പവന്‍ സ്വര്‍ണാഭരണങ്ങളും കൈപ്പറ്റി ആകെ 37,45,000 രൂപ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന്, ഫോണ്‍ ഓഫ് ചെയ്തു സ്ഥലം വിട്ടു.
കബളിപ്പിക്കപ്പെട്ടതറിഞ്ഞ് ജയചന്ദ്രന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രിയക്ക് കഴക്കൂട്ടം, വട്ടപ്പാറ പോത്തന്‍കോട്, പൂന്തുറ, കുന്നംകുളം, കല്ലമ്പലം, തുമ്പ, ആറ്റിങ്ങല്‍, പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടു.
അടൂര്‍ ഡി വൈ എസ് പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാര്‍, എസ് ഐമാരായ എം മനീഷ്, ശ്യാമ കുമാരി, എസ് സി പി ഒ. രാധാകൃഷ്ണപിള്ള, സി പി ഒമാരായ സൂരജ്, ശ്യാംകുമാര്‍, അനൂപ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രദേശങ്ങള്‍ മാറിമാറി ആഡംബര വീടുകള്‍ എടുത്ത് താമസിച്ചാണ് സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്. വാഹനങ്ങളും, വില കൂടിയ ഫോണുകളും, സ്വര്‍ണാഭരണങ്ങളും വാങ്ങുകയും പതിവാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.