National
ഉത്തര്‍പ്രദേശില്‍ ശക്തമായ ഇടിമിന്നലില്‍ ഒറ്റദിവസം മരിച്ചത് 38 പേര്‍
നിരവധിപേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്.

ലഖ്‌നൗ | ഉത്തര്‍പ്രദേശില്‍ വിവിധ ഇടങ്ങളിലായി ഇടിമിന്നലേറ്റ് 38 മരണം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനം വെള്ളപ്പൊക്കത്തില്‍ വലയുന്നതിനിടെയാണ് മിന്നലാക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് നാലിനും ആറിനുമിടക്കാണ് കനത്ത മഴയും ഇടിമിന്നലും ഉണ്ടായത്.
മരിച്ചവരില്‍ ഭൂരിഭാഗവും കൃഷി സ്ഥലത്ത് ജോലി ചെയ്തവരും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവരുമാണ്. ഏറ്റവും കൂടുതല്‍ ഇടിമിന്നലേറ്റ് മരണം സംഭവിച്ചത് പ്രതാപ്ഗഡിലാണ്.11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സുല്‍ത്താന്‍പൂരില്‍ മാത്രം 7 പേര്‍ക്കാണ് ഇടിമിന്നലേറ്റത്.ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്.
ചന്ദൗലി 6, മെയിന്‍പൂരിയില്‍ 5, പ്രയാഗ്രാജില്‍ 4, ഔറയ്യ, ഡിയോറിയ, ഹത്രാസ്, വാരണാസി, സിദ്ധാര്‍ത്ഥനഗര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും മരണം ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഔറയ്യയില്‍ മഴയത്ത് മാവിനടിയില്‍ വിശ്രമിക്കുന്നതിനിടെയാണ് 14 വയസ്സുകാരന് മിന്നലേറ്റത്. നിരവധിപേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. വരുന്ന അഞ്ച് ദിവസം യുപിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.