Articles
''രാം കെ നാം!''
ശ്രീരാമ നവമി ആഘോഷങ്ങളുടെ മറവിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന ആക്രമണ പരമ്പരകള്‍ അരങ്ങേറുന്നത് എന്ന വസ്തുത മതേതര സമൂഹവും വിശിഷ്യാ ഹൈന്ദവ സമൂഹവും ഗൗരവത്തില്‍ കാണേണ്ട കാര്യങ്ങളാണ്. കാവിക്കൊടിയേന്തിയ ജയ് ശ്രീറാം മുദ്രാവാക്യങ്ങളുയര്‍ത്തുന്ന അക്രമി സംഘങ്ങള്‍ പള്ളികള്‍ ആക്രമിക്കുന്നു, നോമ്പുതുറകളും തറാവീഹ് നിസ്‌കാരങ്ങളും തടസ്സപ്പെടുത്തുന്നു, മുസ്ലിം കച്ചവടക്കാരുടെ കടകള്‍ക്ക് തീവെക്കുന്നു.
ആനന്ദ് പട്വര്‍ധന്‍ സംവിധാനം ചെയ്ത് 1992 സെപ്തംബറില്‍ പുറത്തിറങ്ങുകയും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഡോക്യുമെന്ററിയായിരുന്നു ‘രാം കെ നാം.’ അയോധ്യയില്‍ ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം പണിയണമെന്ന ആഹ്വാനവുമായി വിശ്വ ഹിന്ദു പരിഷത്തും മറ്റും നടത്തിയ രാജ്യവ്യാപകമായ അക്രമണോത്സുക ക്യാമ്പയിനുകളെ കുറിച്ചാണ് ഈ ഡോക്യുമെന്ററി ചിത്രം പറയുന്നത്. ബി ജെ പിയുടെ പിന്തുണയോടെ ഹിന്ദുത്വരാഷ്ട്ര വാദികള്‍ നടത്തിയ വര്‍ഗീയ ധ്രുവീകരണത്തിന്റെ ഭീതിദമായ അധ്യായങ്ങള്‍ ഇപ്പോഴും അവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
2014ന് ശേഷം മുമ്പൊരിക്കലുമില്ലാത്ത വിധം ഭീതിയും വെറുപ്പും നിറഞ്ഞതായി ഇന്ത്യയുടെ രാഷ്ട്രീയ വ്യവഹാരവും ഇടങ്ങളും മാറിയത് മനസ്സിലാക്കാന്‍ തുറന്നുപിടിച്ച കണ്ണും മരവിക്കാത്ത തലച്ചോറും മാത്രം മതി. വെറുപ്പിന്റെയും ഭീതിയുടെയും രാഷ്ട്രീയം ഭരണപക്ഷ പാര്‍ട്ടിയും അവരുടെ സൈദ്ധാന്തിക വൃത്തങ്ങളും മറ്റു പരിവാരങ്ങളും ഉപയോഗപ്പെടുത്തുന്നത് ഇതെളുപ്പത്തില്‍ വിറ്റുപോകുന്നതും കൊടുക്കുന്ന അതേ അളവിലോ അതിലേറെയോ അതുമല്ലെങ്കില്‍ അവര്‍ക്കാവശ്യമുള്ള അത്രയും തന്നെയോ വെറുപ്പും ഭീതിയും തിരിച്ചുമുണ്ടാകും എന്ന അപകടകരമായ യാഥാര്‍ഥ്യത്തെ കണ്ടുകൊണ്ടാണ്. വെറുപ്പ് വിറ്റും വാങ്ങിയും വര്‍ഗീയ ധ്രുവീകരണങ്ങള്‍ സാധ്യമാക്കി താത്കാലിക തിരഞ്ഞെടുപ്പ് ലാഭങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സംഘത്തിന്റെ മുന്നിലുള്ള കാര്യങ്ങള്‍.
ഭൂരിപക്ഷ-ന്യൂനപക്ഷ ദ്വന്ദങ്ങള്‍ ഉണ്ടാക്കാന്‍ പ്രചരിപ്പിക്കുന്ന നുണകളും അര്‍ധ സത്യങ്ങളും ദിനേനയെന്നോണം പെരുകുന്നതും അത് സമൂഹത്തിന്റെ എല്ലാ സമാധാന മൂല്യങ്ങളെയും ദുര്‍ബലപ്പെടുത്തുന്നതും നമ്മള്‍ കാണുന്നു. ഹിന്ദുത്വ വാദികള്‍ മുസ്ലിംകള്‍ക്കെതിരെയോ മറ്റു ന്യൂനപക്ഷങ്ങള്‍ക്കെതിരെയോ അപര വിദ്വേഷം വിതക്കുമ്പോള്‍ അവര്‍ക്കുറപ്പുള്ള ഒരുകാര്യമാണ് ഹിന്ദുക്കള്‍ക്കെതിരെയും സമാനമായ വിദ്വേഷവും ഭീതിയും വെറുപ്പും മറുപക്ഷത്തും ഉത്പാദിപ്പിക്കുമെന്ന്. ഇനി അങ്ങനെ ഉണ്ടാകുന്നില്ലെങ്കിലൊ അല്ലെങ്കില്‍ അവരുദ്ദേശിച്ച തോതിലോ കനത്തിലോ അങ്ങനെ രൂപപ്പെടുന്നില്ലെങ്കിലോ അവര്‍ തന്നെ അത് ചെയ്ത് ഉദ്ധിഷ്ട കാര്യം സാധിച്ചെടുക്കുകയും ചെയ്യും. ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന മുസ്ലിം പേരുകളിലുള്ള സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ മുതല്‍ ഹൈന്ദവ ആഘോഷങ്ങള്‍ക്ക് നേരേ മറഞ്ഞിരുന്ന് കല്ലെറിയുന്ന സംഘമിത്രങ്ങള്‍ വരെ ഈ സംവിധാനത്തിന്റെ ഭാഗമാണ്. ഇതൊക്കെ പകല്‍ പോലെ വെളിപ്പെട്ട കാര്യങ്ങളുമാണ്.
ഇപ്പോള്‍ രാജ്യത്ത് ഏതാണ്ട് എല്ലാ മേഖലകളിലും വര്‍ഗീയ കലാപങ്ങളും വംശഹത്യാ പരിപാടികളും തകൃതിയായി നടക്കുന്നുണ്ട്. ശ്രീരാമ നവമി ആഘോഷങ്ങളുടെ മറവിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന ആക്രമണ പരമ്പരകള്‍ അരങ്ങേറുന്നത് എന്ന വസ്തുത മതേതര സമൂഹവും വിശിഷ്യാ ഹൈന്ദവ സമൂഹവും ഗൗരവത്തില്‍ കാണേണ്ട കാര്യങ്ങളാണ്. ഗുജറാത്തിലെ കാമ്പത്, ഹിമ്മത്നഗര്‍, രാജസ്ഥാനിലെ കരോളി, മധ്യപ്രദേശിലെ കാര്‍ഗോണി, ഉത്തര്‍ പ്രദേശിലെ സിതാപുര, ബിഹാറിലെ വൈശാലി, മുസഫര്‍പൂര്‍, ഗോവയിലെ ഇസ്ലാംപുര, കര്‍ണാടകയിലെ ഗുല്‍ബര്‍ഗ, റായ്ച്ചൂര്‍, ദര്‍വാഡ, കോലാര്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം കാവിക്കൊടിയേന്തിയ ജയ് ശ്രീറാം മുദ്രാവാക്യങ്ങളുയര്‍ത്തുന്ന അക്രമി സംഘങ്ങള്‍ നവമിയുടെ പേരില്‍ പള്ളികള്‍ ആക്രമിക്കുന്നു, മിനാരങ്ങളില്‍ കാവിക്കൊടി നാട്ടുന്നു, നോമ്പുതുറകളും തറാവീഹ് നിസ്‌കാരങ്ങളും തടസ്സപ്പെടുത്തുന്നു, മുസ്ലിം കച്ചവടക്കാരുടെ കടകള്‍ തീവെക്കുന്നു, വീടുകളില്‍ കയറി അതിക്രമം കാണിക്കുന്നു, വൃദ്ധരെ പോലും കൈയേറ്റം ചെയ്യുന്നു.
മധ്യപ്രദേശില്‍ സര്‍ക്കാര്‍ തന്നെ പോലീസിനെ അയച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് മുസ്ലിം വീടുകള്‍ പൊളിച്ചുകളയുകയാണ്. നവമി ആഘോഷത്തിനിടക്ക് കല്ലെറിഞ്ഞു എന്നാണ് കുറ്റാരോപണം. കേസില്ല, വിചാരണയില്ല, കോടതിയില്ല, വിധിയില്ല, ഒരു നിയമ വാഴ്ചയുമില്ല. ആകെയുള്ളത് സംഘ്പരിവാരം പറയുന്നതുപോലെ കാവിയും കാക്കിയുമിട്ട അക്രമി സംഘങ്ങളുടെ തേര്‍വാഴ്ച. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര സര്‍വകലാശാലയായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ കാവേരി ഹോസ്റ്റലില്‍ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് എ ബി വി പിക്കാരുടെ അഴിഞ്ഞാട്ടം നടന്നതും ഇതേ തുടര്‍ന്നാണ്. എല്ലായിടത്തും അക്രമി സംഘങ്ങളുടെ ഭാഷ ശ്രീരാമ നവമി ആഘോഷം തടസ്സപ്പെടുത്തിയതു കൊണ്ട് കലാപം നടത്തുന്നു എന്നതാണ്. മുസ്ലിംകള്‍ അവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട റമസാന്‍ മാസക്കാലത്താണ് ഈ ദുരന്തങ്ങളെല്ലാം അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത് എന്നത് ദയനീയമായ കാഴ്ചയാണ്.
ലോകാ സമസ്താ സുഖിനോ ഭവന്തു, വസുധൈവ കുടുംബകം തുടങ്ങിയ സാര്‍വത്രിക സാഹോദര്യത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ഒരു മതത്തെ അക്രമണത്തിന്റെയും ഹിംസയുടെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിന് വേണ്ടി സംഘ്പരിവാരം ഉപയോഗപ്പെടുത്തുമ്പോള്‍ അത് നല്‍കുന്ന സന്ദേശമെന്താണ്? ഇന്ത്യയിലെ ഒരു വിഭാഗം ഹിന്ദുക്കള്‍ ആരാധിക്കുന്ന, വിശ്വസിക്കുന്ന മര്യാദ പുരുഷോത്തമന്‍ ശ്രീരാമന്റെ പേരില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ സംഘ്പരിവാരത്തിന് ധൈര്യമുണ്ടാകുന്നത് എന്തുകൊണ്ടാണ്. ഭരണകൂടത്തിന്റെ ആശിര്‍വാദങ്ങള്‍ അവര്‍ക്കുണ്ടെന്നത് ശരിതന്നെ. അതോടൊപ്പം ഇതൊന്നും അംഗീകരിക്കില്ലെന്ന് പറയുന്ന വലിയൊരു സമൂഹത്തിന്റെ മൗനം അവര്‍ക്ക് അനുവാദമായി മാറുന്നുണ്ടെന്നതല്ലേ വസ്തുത. കലാപങ്ങളും വിദ്വേഷ രാഷ്ട്രീയവും മാറ്റിനിര്‍ത്തിയാല്‍ സംഘ്പരിവാരം രാജ്യത്തിന് നല്ലതെന്ന ‘നിഷ്‌കളങ്ക’ ചിന്ത നമ്മുടെ രാജ്യത്ത് വലിയൊരു ജനവിഭാഗത്തിനിടക്ക് സജീവമാണ് എന്നതാണ് വസ്തുത. ഈ ചിന്തയും അതുണ്ടാക്കുന്ന ആശയക്കുഴപ്പവും അതിനെത്തുടര്‍ന്നുള്ള മൗനവുമാണ് സംഘ്പരിവാരത്തിന് ശക്തി നല്‍കുന്നത്. ഇത് മനസ്സിലാക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ആരാണ്, അവരെന്ത് ചെയ്യുന്നു എന്നതിനനുസരിച്ചാണ് ഇന്ത്യയുടെ ഭാവി എന്ന സത്യം പറയാതെ വയ്യ.
ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങളുടെ കാരണമെന്താണ് എന്ന കൊണ്ടുപിടിച്ച അന്വേഷണ നാടകങ്ങള്‍ പിറകെ വരും. കുറെ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാര്‍ കരിനിയമങ്ങള്‍ ചാര്‍ത്തപ്പെട്ട് ഇരുട്ടറകളില്‍ തള്ളപ്പെടും. നേതാക്കളുടെ ആക്രോശവും വെറുപ്പ് നിറഞ്ഞ ആഹ്വാനങ്ങളും കേട്ട് കലാപത്തിനിറങ്ങിയ പ്രവര്‍ത്തകരില്‍ ചിലര്‍ പേരിന് എന്തെങ്കിലും ദുര്‍ബല വകുപ്പുകളില്‍ ജയിലിലാകും. കോടതി ‘മാനുഷിക പരിഗണനയുടെ’ പേരില്‍ അവരെ വെറുതെ വിടും. ഇരുപതോ ഇരുപത്തിയൊന്നോ വയസ്സുള്ള പ്രതികളുടെ ഭാവി ഓര്‍ത്ത് കോടതി സങ്കടപ്പെടും. മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ ലേലത്തിന് വെച്ച സുള്ളി ഡീല്‍സിന്റെയും ബുള്ളി ഭായിയുടെയും സൂത്രധാരന്മാരെ കോടതി വിട്ടയച്ചത് ഇങ്ങനെയൊക്കെ ആലോചിച്ചുകൊണ്ടായിരുന്നല്ലോ.
ഒരന്വേഷണങ്ങളും ഹരിദ്വാറിലും ഡല്‍ഹിയിലും റായ്പൂരിലും നടന്ന വിദ്വേഷ സമ്മേളനങ്ങളിലേക്ക് എത്തിപ്പെടില്ല. കലാപാഹ്വാനം ചെയ്ത ഒരു കാഷായ വസ്ത്രധാരിയെയും ഒന്നു ചോദ്യം ചെയ്യാന്‍ പോലും ആരും മുതിരില്ല. സുള്ളി ഡീല്‍സിന് പിറകിലെ ഹിന്ദുത്വ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ മഹാരാഷ്ട്ര പോലീസും റായ്പൂരില്‍ വിദ്വേഷ പ്രസംഗം നടത്തിയ കാളിചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്യാന്‍ ഛത്തീസ്ഗഢ് പോലീസും കാണിച്ച ധൈര്യം ഇപ്പോള്‍ ആരും കാണിക്കില്ല. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന മുഴുവന്‍ വര്‍ഗീയ കലാപങ്ങളുടെയും ഉത്തരവാദികള്‍ ഈ വിദ്വേഷ പ്രസംഗകരും അവര്‍ക്ക് കുടപിടിക്കുന്ന ഭരണകൂടവുമാണ്.
ക്ഷേത്രങ്ങളുടെ അടുത്ത് മുസ്ലിം കച്ചവടക്കാര്‍ വേണ്ടെന്നും നവരാത്രി ദിനങ്ങളില്‍ ഇറച്ചിക്കട അടക്കണമെന്നും മാംസാഹാരം ഭക്ഷിച്ചുകൂടെന്നും ഹിജാബ് നിരോധിക്കണെമന്നും ഉറുദു ഭാഷ പൊതുഇടങ്ങളില്‍ ഒഴിവാക്കപ്പെടണമെന്നും പള്ളികളില്‍ ഇനി ഉറക്കെ പ്രാര്‍ഥനകള്‍ വേണ്ടെന്നും തുടങ്ങി എന്തെല്ലാം തിട്ടൂരങ്ങളും തട്ടിപ്പുകളുമാണ് സംഘ്പരിവാരം ഈ കുറച്ചുദിവസത്തിനകം രാജ്യമെമ്പാടും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഏഴ് വര്‍ഷത്തോളമായി രാജ്യം ഭരിച്ചിട്ടും, ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുമ്പോഴും ‘ഹിന്ദു അപകടത്തിലാണ്’ എന്ന മുദ്രാവാക്യം ഒരു ലജ്ജയുമില്ലാതെ പറഞ്ഞുനടക്കാന്‍ സംഘ്പരിവാരത്തിന് കഴിയുന്നത് എങ്ങനെയാണ് എന്നത് ഇന്നാട്ടിലെ ഹിന്ദു മത വിശ്വാസികള്‍ക്കാണ് നാണക്കേടുണ്ടാക്കുന്നത്. ഹിന്ദു മതത്തെ ഹിന്ദുത്വര്‍ ഹൈജാക്ക് ചെയ്യുന്ന സാഹചര്യത്തെ എന്തുവിലകൊടുത്തും തടയേണ്ട വലിയ ഉത്തരവാദിത്വം ഹൈന്ദവ വിശ്വാസികള്‍ക്കുണ്ട്. അതവര്‍ക്ക് മാത്രം സാധ്യമാകുന്ന മഹത്തായ ദേശീയോദ്ഗ്രഥനമാണ് താനും.